കൽപറ്റ നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകല്പറ്റ: നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം. കൂട്ടത്തോടെയാണ് നായ്ക്കള്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്നത്. നായ്ക്കളുടെ ശല്യം മദ്റസകളിലും സ്കൂളുകളിലേക്കും പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുകയാണ്. ഒരുവര്‍ഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 200ലധികം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
പിണങ്ങോട് ജങ്ഷൻ, പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, എച്ച്.ഐ.എം യു.പി സ്കൂൾ, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, പഴയ മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രി സമയങ്ങളിലടക്കം നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്.
2018ലെ സെന്‍സസ് പ്രകാരം നഗരസഭ പരിധിയില്‍ 185 തെരുവു നായ്ക്കളുണ്ടായിരുന്നത് നിലവില്‍ 300 ലധികമായിട്ടുണ്ട്. പിണങ്ങോട് റോഡിലും എച്ച്.ഐ.എം യു.പി സ്കൂൾ പരിസരത്തും അനന്തവീര തിയറ്ററിന് സമീപത്തും നഗരത്തിലെ പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്.
ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരും പലപ്പോഴും നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു കഷ്ടിച്ചാണു രക്ഷപ്പെടുന്നത്. തെരുവു നായ്ക്കളുടെ ആക്രമണം ഭയന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പലരും പ്രഭാതസവാരി ഉപേക്ഷിച്ച അവസ്ഥയാണ്. രാവിലെ വിദ്യാര്‍ഥികളും പത്ര വിതരണക്കാരുമടക്കമുള്ളവർ ഭീതിയോടെയാണ് പോകുന്നത്. നഗരത്തിലെ മാലിന്യനീക്കം യഥാസമയത്ത് നടക്കാത്തതാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നതെന്ന് ആരോപണമുണ്ട്.
നഗരസഭ പരിധിയിലെ അമ്പിലേരി, മുണ്ടേരി, മരവയല്‍ മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. മണിയങ്കോട് റോഡിലെ ഗോഡൗണ്‍ പരിസരത്തും ആളൊഴിഞ്ഞ പറമ്പുകളിലും മറ്റു മാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യകരണം അടക്കമുള്ള പ്രതിരോധ നടപടികള്‍ക്ക് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. ആവശ്യത്തിനു ഫണ്ട് ലഭ്യമാകാത്തതാണു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.