സിന്തറ്റിക് ട്രാക്കൊരുങ്ങുന്നു; ജില്ല സ്റ്റേഡിയം പ്രവൃത്തി അവസാനഘട്ടത്തിലേക്ക്
text_fieldsകൽപറ്റ: വയനാടിെൻറ കായിക ഭൂമികയിൽ മാറ്റിത്തിരുത്തലുകളിലേക്ക് നിലമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ജില്ല സ്റ്റേഡിയത്തിെൻറ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിെൻറ അടിസ്ഥാന പ്രവൃത്തികൾ നടക്കുകയാണ്. ട്രാക്ക് വിരിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു പറഞ്ഞു. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയമാണ് മുണ്ടേരി മരവയലിൽ ഒരുങ്ങുന്നത്. രാജ്യാന്തര നിലവാരത്തിലാണ് സ്റ്റേഡിയത്തിെൻറ നിർമാണമെന്ന് കിറ്റ്കോ എൻജിനീയർ ആനന്ദ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ക്ലാസ് ടു മത്സരങ്ങൾ അടക്കമുള്ളവ നടത്താം. എട്ട് ലൈനുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളും മികച്ച നിലവാരത്തിലുള്ളവയാണ്. സംസ്ഥാന, ദേശീയ മീറ്റുകൾ നടത്താനുള്ള എല്ലാ പശ്ചാത്തല സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.
സ്റ്റേഡിയത്തിെൻറ പരിചരണത്തിനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഉൾപ്പടെയാണ് നിർമാണം പുരോഗമിക്കുന്നത്. സിന്തറ്റിക് ട്രാക്കുകളുടെ അവസാനവട്ട പ്രവൃത്തികൾക്കുള്ള മെറ്റീരിയലുകൾ സ്റ്റേഡിയത്തിലെത്തി തുടങ്ങി. ഒരാഴ്ചയോടെ ആവശ്യമായ സാധനങ്ങളെല്ലാം ചെന്നൈയിൽനിന്നെത്തും. ട്രാക്ക് വിരിക്കാൻ തുടങ്ങിയാൽ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കഴിയും. ട്രാക്ക് മാർക്ക് ചെയ്യുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും. ഫെബ്രുവരി അവസാനത്തോടെ ട്രാക്ക് സജ്ജമാകും. മാർച്ചോടെ നിർമാണം പൂർത്തിയാക്കി ജില്ല സ്പോർട്സ് കൗൺസിലിന് കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു.
ജംപിങ് പിറ്റുകൾ, ത്രോ ഏരിയ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. രണ്ട് ലോങ് ജംപ് പിറ്റുകൾ സ്റ്റേഡിയത്തിലുണ്ട്. ഹൈജംപിനും പോൾവാൾട്ടിനുമുള്ള ജംപിങ് ബെഡുകളും സജ്ജീകരിക്കുന്നു. ഹാമർത്രോക്കും ഡിസ്കസ് ത്രോക്കും കേജ് അടക്കമുള്ള സൗകര്യമാണ് ഒരുക്കുന്നത്. ട്രാക്ക് നിർമാണം പൂർത്തിയായാൽ വേൾഡ് അത്ലറ്റിക് ഫെഡറേഷെൻറ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ക്ലാസ് ടു സർട്ടിഫിക്കറ്റ് ലഭിച്ചാൽ കോമൺവെൽത്ത് ഗെയിംസ് അടക്കമുള്ള തലത്തിലുള്ള മത്സരങ്ങൾ വരെ നടത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.