സ്കില്‍ പാര്‍ക്കില്‍ ടാറ്റാ പവറിന്റെ നൈപുണ്യ പരിശീലനം; ധാരണപത്രം ഒപ്പിട്ടു
text_fieldsകൽപറ്റ: രാജ്യത്തെ പ്രമുഖ ഊർജ ഉല്പാദക കമ്പനിയായ ടാറ്റാ പവര്‍ ലിമിറ്റഡ് മാനന്തവാടി അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് സൗകര്യമൊരുക്കും.
ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സാന്നിധ്യത്തില്‍ അസാപ് കേരള ചീഫ് മാനേജിങ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, ടാറ്റാ പവര്‍ ബ്രാന്‍ഡിങ്-കമ്യൂണിക്കേഷന്‍സ് ആന്‍ഡ് കോർപറേറ്റ് റെസ്പോണ്സിബിലിറ്റി വിഭാഗം മേധാവി ജ്യോതികുമാര്‍ ബന്‍സാല്‍ എന്നിവര്‍ ഒപ്പുവെച്ചു.
സ്കില്‍ പാര്‍ക്കില്‍ നൈപുണ്യ പരിശീലന കേന്ദ്രം നടത്തുന്നതിന് ടാറ്റാ പവര്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് ട്രസ്റ്റിനെ രാഹുല്‍ ഗാന്ധി എം.പി മുൻകൈയെടുത്താണ് വയനാട്ടില്‍ എത്തിച്ചത്. കലക്ടര്‍ എ. ഗീത, സബ് കലക്ടര്‍ ശ്രീലക്ഷ്മി, ടാറ്റാ പവര്‍ സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ജയ്ദന്‍ മിസ്റ്റി, ടാറ്റാ പവര്‍ സി.എസ്.ആര് ഫോറം മേധാവി നാഗോരി, അസാപ് ജില്ല പ്രോഗ്രാം മാനേജര്‍ എസ്. ശ്രീരഞ്ജ്, പ്രോഗ്രാം മാനേജര്‍മാരായ ജിതേഷ്, സനല്‍ കൃഷ്ണന്, പ്രണോബ് ജയിംസ്, മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇലക്ട്രിക്കല്‍, സൗരോർജം, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, എല്‍.വി/എം.വി കേബിള്‍ ജോയിന്റര്‍, യൂത്ത് ഡെവലപ്മെന്റ് മൊഡ്യൂള്‍, യു.എക്സ് ഡിസൈന്‍, േഡറ്റ സയന്‍സ് തുടങ്ങിയ കോഴ്സുകളാണ് ടാറ്റാ പവര്‍ സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ടാറ്റാ സ്ട്രൈവിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്.
സൗജന്യനിരക്കിലാണ് പരിശീലനം. ജില്ലയിലെ ഗോത്രവിഭാഗക്കാരുള്പ്പെടെയുള്ള യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിന് ഏറെ പ്രയോജനകരമായിരിക്കും പദ്ധതിയെന്നും എല്ലാവരും അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സ്ഥാപിച്ച കമ്പനിയായ അസാപ് കേരളക്കു കീഴിൽ മാനന്തവാടിക്കടുത്ത് തോണിച്ചാലില്‍ 14 കോടി ചെലവിലാണ് അത്യാധുനിക നിലവാരത്തിലുള്ള കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സജ്ജമായത്. 25000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം 300 പേര്‍ക്ക് 24 മണിക്കൂറും ഇവിടെ പരിശീലനം നല്‍കാനാവും. ഹെവി മെഷിനറി, ഐ.ടി, ആക്ടിവിറ്റി, പ്രിസിഷന്‍ പരിശീലനങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.