നവകേരള സദസ്സിന് ഒരുക്കം; ഇന്നു രാത്രി എട്ടോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വയനാട് ജില്ലയിലെത്തും
text_fieldsകൽപറ്റ: നവംബര്‍ 23ന് നടക്കുന്ന നവകേരള സദസ്സിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ജില്ലയൊരുങ്ങി. കണ്ണൂര്‍ ജില്ലയിലെ നവകരേള സദസ്സുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി എട്ടോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള്‍ കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള്‍ തുടങ്ങിയവ സംബന്ധിച്ച് കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയുടെ വിഷയങ്ങള്‍ ചർച്ചചെയ്യും വയനാട് ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ച ചെയ്യും. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആശയ വിനിമയം നടത്തും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഇവിടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില്‍ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡികരിച്ച് വയനാടിനായി പുതിയ വികസന നയം രൂപീകരിക്കുകയുമാണ് ലക്ഷ്യം.ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നുറോളം പേര് പ്രഭാതയോഗത്തില്‍ പങ്കെടുക്കും.
വിവിധ മേഖലയില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍, കലാകാരന്മാര്, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികളുടെ പ്രതിനിധികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
യുവജന സംഘടന നേതാക്കളെ കരുതൽ തടങ്കലിലാക്കിയേക്കും
മാനന്തവാടി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി പ്രതിഷേധം കണക്കിലെടുത്ത് പ്രതിപക്ഷ യുവജന സംഘടന നേതാക്കളെ മുൻകരുതൽ തടങ്കിലിലാക്കിയേക്കും. കണ്ണൂരിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തടങ്കലിലാക്കേണ്ട യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പേരുകൾ രഹസ്യാന്വേഷണ വിഭാഗം കൈമാറിയതായാണ് സൂചന. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ യുവമോർച്ചയുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് മുൻകൂട്ടി കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.