ടിപ്പർ ഉടമയെ പൊലീസ് മർദിച്ചെന്ന പരാതി വ്യാജം -വയനാട് ജില്ല പൊലീസ് മേധാവി
text_fieldsകൽപറ്റ: തലപ്പുഴയിൽ ബൈക്കും ടിപ്പറും അപകടത്തിൽപ്പെട്ട സംഭവത്തിൽ ടിപ്പർ ലോറി ഉടമയെ പൊലീസ് മർദിച്ചെന്ന പരാതി വ്യാജമാണെന്ന് ജില്ല പൊലീസ് മേധാവി പദം സിങ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കേസ് മാനന്തവാടി കോടതിയുടെ പരിഗണനയിലായതിനാൽ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു. ടിപ്പർ ലോറി ഉടമ മനോജ് ജോസഫ് നൽകിയ പരാതിയിലാണ് നടപടി.
2019 മേയ് 13നാണ് പനമരം നീർവാരത്തേക്ക് പോവുകയായിരുന്ന ഷൈജിന്റെ ബൈക്കിൽ തലപ്പുഴ 43ൽ മനോജ് ജോസഫിന്റെ ടിപ്പർ ലോറി തട്ടിയത്. എന്നാൽ, ടിപ്പർ നിർത്താതെ പോയി. തലനാരിഴക്കാണ് ഷൈജിൻ രക്ഷപ്പെട്ടത്. തുടർന്ന് ടിപ്പറിന്റെ രജിസ്ട്രേഷൻ നമ്പറുമായി ഷൈജിൻ പരാതി നൽകുകയായിരുന്നു.
സംഭവത്തിന്റെ പിറ്റേന്ന് തലപ്പുഴ സ്റ്റേഷനിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയ ടിപ്പർ ലോറി ഉടമ പൊലീസ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചെന്നാണ് പരാതി. സ്റ്റേഷനുള്ളിലേക്ക് കയറാൻ നിർബന്ധിക്കുമ്പോൾ ഇയാൾ സ്റ്റേഷൻ മുറ്റത്ത് വീണു. ഇയാളെ മർദിച്ചിട്ടില്ലെന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ സാക്ഷിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.