ഷാബ ശരീഫ് കൊലപാതക കേസിലെ പ്രതികളുമായി സി.പി.എമ്മിന് ബന്ധമില്ല -പി. ഗഗാറിൻ
text_fieldsകൽപറ്റ: പാരമ്പര്യ ഒറ്റമൂലി വൈദ്യൻ ഷാബ ശരീഫിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതി ഷൈബിനുമായോ കൂട്ടുപ്രതികളുമായോ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് വയനാട് സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ.
ഷൈബിന്റെ വീട്ടില്‍ മോഷണം നടത്തിയതിന്റെ പേരില്‍ ബത്തേരിയില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഷൈബിന് വേണ്ടി സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗ് പ്രകടനം നടത്തി. എന്നാല്‍ ഷൈബിന്‍ കൊടും കുറ്റവാളിയെന്ന് തെളിഞ്ഞതോടെ ലീഗിന്റെ മട്ട് മാറി. ലീഗ് നേതാവ് ഷൈബിന്റെ ബിസിനസ്സ് പങ്കാളിയാണെന്നും ലീഗ് പലതരത്തില്‍ അനുമോദിച്ച ആളാണ് ഷെബിനെന്നും പുറം ലോകം അറിഞ്ഞു. ലീഗിനുള്ള ബന്ധം ഇത്രയും പ്രകടമായി പുറത്ത് വന്നിട്ടും ബി.ജെ.പി സി.പി.എമ്മിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്.
ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും ഷൈബിനെ അനുമോദിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇത്തരത്തില്‍ കരിം വധകേസില്‍ പ്രതിയായ ബത്തേരിയിലെ സി.പി.എം പ്രവര്‍ത്തകനെ അക്കാലത്ത് സംരക്ഷിച്ചു എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുത്. കരിം വധ കേസില്‍ പ്രതിയായ ആള്‍ ഇന്ന് വൈത്തിരിയിലെ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്, ഐ.എന്‍.ടി.യു.സി നേതാവുമാണ്. സി.പി.എം ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല.
ഷൈബിനെ പോലെയുള്ള കുറ്റവാളികളില്‍ നിന്നും പണം കൈപ്പറ്റി ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ആളുകളെ വശത്താക്കുന്ന രാഷ്ട്രീയ തട്ടിപ്പാണ് ലീഗുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും നടത്താറുള്ളത്. ബത്തേരിയിലെ യു.ഡി.എഫ്-ബി.ജെ.പി ബന്ധം അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രകടമായി പുറത്തു വന്നതാണല്ലോ. അതിനാല്‍ ഇരു കൂട്ടരും പരസ്പരം സഹായിക്കുന്ന സമീപനം ഇക്കാര്യത്തിലും സ്വീകരിക്കുകയാണ്.
എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തി എന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാരെ സി.പി.എം സംരക്ഷിക്കില്ലെന്ന് മാത്രമല്ല, മതിയായ ശിക്ഷ ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പാർട്ടി നേതൃത്വം നല്‍കുമെന്ന് ഗഗാറിൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.