കൽപറ്റ നഗരസഭയിൽ സ്വന്തക്കാരെ നിയമിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്ന് സി.പി.എം
text_fieldsകൽപറ്റ: കൽപറ്റ നഗരസഭയിലെ താൽക്കാലിക ഒഴിവുകളിലേക്ക് സ്വന്തക്കാരെ നിയമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം കൽപറ്റ മുനിസിപ്പൽ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്രവാർത്ത നൽകാതെയും കൂടിക്കാഴ്ച നടത്താതെയുമാണ് നഗരസഭയിലെ ഒഴിവുകൾ ചെയർമാനും വൈസ് ചെയർപേഴ്സനും സ്വന്തക്കാർക്കായി വീതം വെച്ച് നിയമനം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
നഗരസഭയിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നതിനായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് സർക്കാർ നൽകിയ അനുമതിയുടെ മറവിൽ വൈസ് ചെയർപേഴ്സന്‍റെ മകന്‍റെ ഭാര്യക്കും ചെയർമാന്‍റെ ബന്ധുവിനും നിയമനം നൽകിയിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ആവശ്യമായ യോഗ്യതയില്ലാതെയാണ് ഇവരെ ഡേറ്റ എൻട്രി ഓപറേറ്റർമാരായി നിയമിച്ചത്.
നികുതി പരിഷ്കരണത്തിന് ഏറ്റവും അനിവാര്യമായ മലയാളം ഡേറ്റ എൻട്രി ഇവർക്ക് അറിയില്ല. ഇതിനാൽ നികുതി പരിഷ്കരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തേണ്ട നിയമനമാണ് അട്ടിമറിച്ചത്. ഇതിന് പുറമെ അഴിമതിയുടെയും സ്വജനപക്ഷവാദത്തിന്‍റെയും കേന്ദ്രമായി കൽപറ്റ നഗരസഭ മാറിയിരിക്കുകയാണ്.
ഭരണ സ്തംഭനമാണ്. റോഡ് വികസനം, തെരുവുവിളക്കുകൾ, ടൗൺഹാൾ നവീകരണം, ട്രാഫിക് പരിഷ്കരണം തുടങ്ങിയ നഗരത്തിലെ വിവിധ പദ്ധതികളെല്ലാം സ്തംഭനാവസ്ഥയിലാണ്. ഹൈകോടതിയിലെ കേസ് തീർന്നിട്ടും ഓട്ടോറിക്ഷകൾക്ക് ഇതുവരെ ഡിജിറ്റൽ സ്റ്റിക്കർ നൽകാനായിട്ടില്ല.
ഈ സാഹചര്യത്തിൽ ഡിസംബർ 17,18,19 തീയതികളിൽ കൽനട പ്രചാരണ ജാഥയും ഡിസംബർ 26ന് നഗരസഭ ഓഫിസ് മാർച്ചും നടത്തുമെന്ന് ഏരിയ സെക്രട്ടറി വി. ഹാരിസ്, സി.കെ. ശിവരാമൻ, കെ.എം. ഫ്രാൻസിസ്, പി.കെ. അബു, എ. ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.