ഭൂമി പണയപ്പെടുത്തി പണം തട്ടിയതായി കുടുംബത്തിന്‍റെ പരാതി
text_fieldsകൽപറ്റ: പുൽപള്ളി കേളക്കവലയിലെ തങ്ങളുടെ ഭൂമി പണയപ്പെടുത്തി പണം തട്ടിപ്പ് നടത്തിയതായി വയോധികരായ ഡാനിയേൽ, സാറാകുട്ടി ഡാനിയേൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഭൂമിയുടെ രേഖകൾ തിരിച്ചുചോദിച്ചപ്പോൾ പ്രതികളുമായി ബന്ധപ്പെട്ടവർ മർദിക്കുകയും അസഭ്യംപറയുകയും ചെയ്തതായും ഇവർ പറഞ്ഞു.
തങ്ങളുടെ 62.5 സെന്‍റ് കരഭൂമിയിലെ ജീർണാവസ്ഥയിലായ വീട് പുതുക്കിപ്പണിയുന്നതിന് ബാങ്ക് ലോണിനായി ശ്രമിക്കവെ, പുൽപള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.കെ. അബ്രഹാം സഹായിക്കാമെന്ന് ഉറപ്പുനൽകി. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ഭൂമിയുടെ രേഖകൾ സജീവൻ കൊല്ലപ്പള്ളിക്ക് കൈമാറി. ബാങ്ക് ലോൺ അനുവദിച്ചപ്പോൾ സെക്രട്ടറി മുമ്പാകെ ഒപ്പുവെക്കുകയും ചെയ്തു.
കെട്ടിടനിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കൊല്ലപ്പള്ളി സജീവൻ വീട് പുനരുദ്ധാരണം രണ്ടു ലക്ഷം രൂപക്ക് പൂർത്തീകരിച്ചുതരുമെന്നും വായ്പത്തുക നിങ്ങൾ കൈപ്പറ്റേണ്ടതില്ലെന്നും അറിയിച്ചു. എന്നാൽ, വീടുപണി തുടങ്ങുന്നത് സംബന്ധിച്ച് സംസാരിച്ചപ്പോൾ പല അവധികൾ പറഞ്ഞ് ഒഴിഞ്ഞുമാറി.
പുൽപള്ളി സർവിസ് സഹകരണ ബാങ്കിലെ വായ്പാക്രമക്കേടുകൾ പുറത്തുവരുകയും അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വരുകയും ചെയ്തപ്പോഴാണ് തങ്ങളുടെ ഭൂമി ഈടിന്മേൽ 36 ലക്ഷം രൂപ ലോൺ എടുത്തതായി അറിയുന്നത്. തുക അടച്ച് രേഖകൾ നൽകാത്തതിനാൽ എം.എൽ.എക്കും പഞ്ചായത്ത് പ്രസിഡന്‍റിനും പരാതി നൽകി. എം.എൽ.എ ഇവരുമായി സംസാരിച്ചപ്പോൾ 15 ദിവസത്തിനകം രേഖകൾ തിരിച്ചുനൽകാമെന്ന് സമ്മതിച്ചു.
മാർച്ച് 30ന് അവധി കഴിഞ്ഞപ്പോൾ കൊല്ലപ്പള്ളി സജീവന്‍റെ സഹോദരനോട് ഇക്കാര്യം സംസാരിച്ചപ്പോൾ ഡാനിയേലിനെ ചീത്തവിളിക്കുകയും വാക്കു തർക്കത്തിനിടെ സാറാകുട്ടിയെ തള്ളിമറിച്ചിടുകയും നാലു ബൈക്കുകളിൽ എത്തിയവർ മകനെ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും വടിവാൾ കൊണ്ട് വെട്ടുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു. അതേസമയം, പാർട്ടിയിലെ രാഷ്ട്രീയവിരോധികൾ തനിക്കെതിരെ ഈ കുടുംബത്തെ കരുവാക്കുകയാണെന്ന് കെ.കെ. അബ്രഹാം 'മാധ്യമ'ത്തോട് പറഞ്ഞു.
പണം കൈപ്പറ്റിയവരും നൽകിയവരും തമ്മിലുള്ള പ്രശ്നം നിയമപരമായാണ് തീർക്കേണ്ടത്. ബാങ്ക് പ്രസിഡന്‍റ് അതിന് ഉത്തരവാദിയല്ല. ബാങ്കിൽനിന്ന് പണം നൽകിയതിനും ആരാണ് വാങ്ങിയത് എന്നതിനും വ്യക്തമായ രേഖകൾ ഉണ്ടാവും. ഈ വിഷയത്തിലും വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.