സൂര്യകാന്തി ശോഭയിൽ വയനാട് ജില്ലയിലെ പാടങ്ങൾ
text_fieldsകൽപറ്റ: മുമ്പ് സൂര്യകാന്തി പാടങ്ങൾ കാണാൻ വയനാട് അതിർത്തി കഴിഞ്ഞുള്ള കർണാടകയിലെ ഗുണ്ടൽപേട്ടിലേക്ക് പോകണം. എന്നാൽ, ഇന്ന് ഫാം ടൂറിസത്തിന്റെ വലിയ സാധ്യതകൾ തുറന്നിട്ടുകൊണ്ട് വയനാട്ടിലെ പാടങ്ങളും സൂര്യകാന്തി ശോഭയിൽ മഞ്ഞയിൽ കുളിച്ചുനിൽക്കുകയാണ്.
മുൻ വർഷങ്ങളിലും ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കിയിരുന്നെങ്കിലും ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ വലിയ രീതിയിൽ തന്നെ സൂര്യകാന്തി കൃഷി വിജയിപ്പിച്ചിരിക്കുകയാണ് കർഷകർ. കൃഷിവകുപ്പിന്റെ ആത്മ പ്രദർശനത്തോട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലെ വിവിധ കർഷകരുടെ പാടങ്ങളിലാണ് സൂര്യകാന്തി വിത്തുപാകിയത്.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വിവിധയിടങ്ങളിലെ സൂര്യകാന്തി പാടങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജില്ലയിൽ ഫാം ടൂറിസത്തിന്റെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം തന്നെ കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയാണ് സൂര്യകാന്തി കൃഷി.
നൂൽപ്പുഴ, നെന്മേനി, പൊഴുതന, വെങ്ങപ്പള്ളി, മുട്ടിൽ പഞ്ചായത്തുകളിലാണ് കൃഷിവകുപ്പിന്റെ ആത്മയുടെ ഭാഗമായി പ്രദർശനത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ധനസഹായത്തോടെ സൂര്യകാന്തി കൃഷിയിറക്കിയത്. ഫെബ്രുവരിയിലാണ് സൂര്യകാന്തിയുടെ വിത്ത് പാകിയത്.
ഏപ്രിൽ ആദ്യ വാരം മുതൽ തന്നെ എല്ലായിടത്തും നല്ലരീതിയിൽ സൂര്യകാന്തി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇതോടെ പലസ്ഥലത്തും സഞ്ചാരികളുടെ ഒഴുക്കായി. മുമ്പ് ചെറിയ രീതിയിൽ സൂര്യകാന്തി കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ് കൂടുതൽ സ്ഥലത്ത് വിജയകരമായി കൃഷി ചെയ്യുന്നതെന്ന് മുട്ടിൽ കൃഷി ഓഫിസർ ശ്രീകാന്ത് പറഞ്ഞു.
ഫാം ടൂറിസത്തിന്റെ സാധ്യത മുന്നിൽ കണ്ടല്ല കൃഷിയിറക്കിയതെങ്കിലും ഇപ്പോൾ അത് കർഷകർക്ക് ഒരു വരുമാനം കൂടിയായി മാറിയത് നല്ല കാര്യമാണ്. സൂര്യകാന്തിയുടെ എണ്ണ ഫിൽട്ടർ ചെയ്തെടുക്കാനുള്ള സംവിധാനം ജില്ലയിൽ ഇല്ല. എങ്കിലും സൂര്യകാന്തിയുടെ ഉണങ്ങിയ വിത്തുകൾ കിലോക്ക് 80 രൂപ മുതൽ 120 രൂപക്ക് എടുക്കാൻ ആളുകളുണ്ട്. ഇത്തരത്തിൽ വിത്തുകൾ വിറ്റുകൊണ്ടും കർഷകർക്ക് വരുമാനമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിൽ സൂര്യകാന്തി കൃഷി ചെയ്യുന്നത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. അഞ്ചു പഞ്ചായത്തുകളിലും വിവിധയിടങ്ങളിലായാണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. ചീരാലിലും പിണങ്ങോട്ടും കാക്കവയലിലുമെല്ലാം സൂര്യകാന്തി പാടങ്ങൾ കാണാൻ നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്.
മഞ്ഞയണിഞ്ഞ പൂപ്പാടം കാണാൻ തിരക്ക്
പൊഴുതന/കാക്കവയൽ: സൂര്യകാന്തി പൂക്കൾക്കൊപ്പം ഫോട്ടോയെടുക്കാനും റീൽസെടുക്കാനുമെല്ലാം പൂപാടത്തേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. ദേശീയപാത 766ൽ കാക്കവയലിനും വാര്യാടിനും ഇടയിലുള്ള മൂന്നേക്കർ വയലിലാണ് സൂര്യകാന്തി പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്.
ദേശീയപാതയായതിനാൽ തന്നെ ഇവിടെ ഓരോ ദിവസവും നൂറുകണക്കിനുപേരാണ് വാഹനങ്ങൾ നിർത്തി സൂര്യകാന്തി പൂക്കൾ കാണാനിറങ്ങുന്നത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ രവീന്ദ്രൻ, ഡോ. ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാനികാവ് സ്വദേശികളായ ബേബിയും പ്രഭാകരനും സുഹൃത്തുക്കളും ചേർന്നാണ് നെൽകൃഷിക്കുശേഷം വയൽ വെറുതെയിടാതെ സൂര്യകാന്തി കൃഷിയിറക്കിയത്.
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രയിൽനിന്നും കൃഷിഭവൻ മുഖേനയാണ് സൂര്യകാന്തി വിത്ത് ലഭ്യമാക്കിയത്. സ്ഥലം ഒരുക്കലും അനുബന്ധചെലവുകൾക്കായി മുട്ടിൽ കൃഷിഭവനിൽ നിന്നും ആത്മയുടെ ഭാഗമായി പ്രദർശനത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായവും നൽകി.
പ്രതികൂല കാലാവസ്ഥയിൽ കുറച്ച് വിത്തുകൾ മുളക്കാതെ പോയെങ്കിലും പ്രതീക്ഷിച്ചതിലും നന്നായി സൂര്യകാന്തി പൂക്കൾ വിരിഞ്ഞു. സൂര്യകാന്തിയുടെ ഉണങ്ങിയ വിത്തുകൾ കിലോക്ക് 80 രൂപക്ക് എടുക്കാൻ ആളുകൾ തയാറായിട്ടുണ്ട്.
പൊഴുതന പഞ്ചായത്തിൽ പിണങ്ങോട് മുക്ക്- ഇടിയംവയൽ റോഡിലൂടെയുള്ള യാത്രയിലാണ് മഞ്ഞയണിഞ്ഞ പൂപ്പാടം .പൊഴുതന സ്വദേശിയായ സേതുമാധവനാണ് ഗുണ്ടല്പ്പേട്ടിലെ പൂപ്പാടങ്ങളോട് കിടപിടിക്കുന്ന രീതിയില് ഇവിടെയും സൂര്യകാന്തി കൃഷിയിറക്കിയത്.
6000 ഹൈബ്രിഡ് സൂര്യകാന്തി വിത്തുകൾ തമിഴ്നാട്ടിൽനിന്നും ജില്ലയിലെ ആത്മ കർഷക സംഘം വഴിയെത്തിച്ചാണ് രണ്ടേക്കറോളം പാടത്ത് വിതച്ചത്. സൂര്യകാന്തികൾ വിളഞ്ഞു നിൽക്കുന്നത് കേട്ടറിഞ്ഞ് സമീപനാടുകളിൽ നിന്നും മറ്റും നിരവധി പേർ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്. പൊഴുതന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെയാണ് സേതുമാധവൻ കൃഷി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.