വാഴക്കാല എസ്റ്റേറ്റിൽ വിളവെടുപ്പ് സമരം തുടങ്ങി
text_fieldsകൽപറ്റ: കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ ടി.യു.സി.ഐ നേതൃത്വത്തിൽ തൊഴിലാളികൾ വിളവെടുപ്പ് സമരം ആരംഭിച്ചു. തൊഴിലും കൂലിയും നിഷേധിക്കുകയും മുറിച്ച് വിൽപനയും തരംമാറ്റവും നടത്തുകയും ഉൽപന്നങ്ങൾ കളവു നടത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരം.
പശ്ചിമഘട്ട മലനിരകളുടെ ഭാഗവും പരിസ്ഥിതി ദുർബല പ്രദേശവുമായ അരണമലയുടെ ഭാഗവും താഴ്വാരവും ഉൾപ്പെടുന്ന വാഴക്കാല എസ്റ്റേറ്റ്, പ്ലാന്റേഷൻ നിയമം പൂർണമായി ലംഘിച്ച് മുറിച്ചുവിൽപനയും റിസോർട്ടുകളും കൊണ്ട് നിറയുകയാണ്. 200ലധികം തൊഴിലാളികൾ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റിൽ 10 തൊഴിലാളികളും അവരുടെ കുടുംബവും മാത്രമായി ചുരുങ്ങി. ഇവർക്കു കഴിഞ്ഞ സെപ്റ്റംബർ മുതൽ തൊഴിൽ നിഷേധിച്ചിരിക്കുകയാണ്. മൂന്നുവർഷമായി ബോണസും മെഡിക്കൽ ആനുകൂല്യങ്ങളുമില്ല. തൊഴിലാളികളിൽനിന്ന് പിടിച്ചതും ഉടമ വിഹിതവും പി.എഫിൽ അടച്ചിട്ടില്ല. പാടികൾ താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
എസ്റ്റേറ്റിൽ മാനേജ്മെന്റ് കാപ്പിയും കുരുമുളകും പോലുള്ള ഉൽപന്നങ്ങൾ കളവുനടത്തിക്കുകയും രഹസ്യമായി പാട്ടത്തിന് നൽകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഈ എസ്റ്റേറ്റിലെ മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ തൊഴിൽ-റവന്യൂ വകുപ്പുകൾ തയാറാകണം. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന വാഴക്കാല എസ്റ്റേറ്റിന്റെ തുണ്ടം തുണ്ടമായുള്ള മുറിച്ച് വിൽപനക്കെതിരെ നടപടി സ്വീകരിക്കണം.
മുറിച്ചുവിൽപനയുമായി ബന്ധപ്പെട്ട കരാറുകൾ, ആധാരങ്ങൾ, ഭൂപരിഷ്കരണ നിയമം ലംഘിച്ച് നൽകിയ കൈവശരേഖകൾ, ഭൂനികുതി, കെ.എൽ.ആർ സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ബിൽഡിങ് പ്ലാനുകൾ, കെട്ടിട നികുതികൾ, റിസോർട്ട് പെർമിഷനുകൾ എന്നിവ റദ്ദുചെയ്യണം.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മന്ത്രിമാർക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പി.എഫ് നിയമലംഘനത്തിനെതിരെ കേസെടുക്കണം. നിയമ വിരുദ്ധ നിർമിതികൾ പൊളിച്ചുനീക്കാൻ നടപടിയില്ലെങ്കിൽ എസ്റ്റേറ്റിനുള്ളിലെ റിസോർട്ടുകളിലും കെട്ടിടങ്ങളിലും തൊഴിലാളി കുടുംബങ്ങൾ താമസമാരംഭിക്കും. ഭൂമി പിടിച്ചെടുക്കൽ പ്രക്ഷോഭവും നിയമവിരുദ്ധമായി ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന വ്യക്തിയുടെ വീട്ടുപടിക്കൽ സമരവും ആരംഭിക്കും.
വിളവെടുപ്പ് സമരം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. പി.കെ. ബാപ്പുട്ടി, കെ. ബാലസുബ്രമണ്യൻ, പി.എച്ച്. മുഹമ്മദ്കുട്ടി തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രസിഡന്റ് എ.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ചുരളി റിപ്പോർട്ടവതരിപ്പിച്ചു. എം. മുരുകൻ, എ.കെ. തക്കമ്മു, സി. ഈശ്വരി, എം. ശ്രീജ, പളനിയമ്മ, രാധാമണി, സുശീല, രാമു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.