മൈതാനിപള്ളി റോഡിലെ പുതിയ പാലം 27ന് തുറക്കും
text_fieldsകൽപറ്റ: കൽപറ്റ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഫാത്തിമ ആശുപത്രി- മൈതാനി പള്ളി റോഡിലെ നവീകരിച്ച പാലം ഉദ്ഘാടനം 27ന്. പാലം പ്രവൃത്തി ഏറെ നീണ്ടതോടെ ഇതിലൂടെയുള്ള ഗതാഗത ദുരിതത്തെ ചൊല്ലി വൻ പ്രതിഷേധമുയർന്നിരുന്നു. പാലം നവീകരണത്തിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത് ഇവിടെയുള്ള വീട്ടുകാർക്കും യാത്രക്കാർക്കും ഏറെ ദുരിതമുണ്ടാക്കിയിരുന്നു.
ഒന്നര വർഷത്തോളം ഗതാഗതം മുടങ്ങിയിരുന്നു. വർഷങ്ങളായി അപകടാവസ്ഥയിലായതിനെ തുടർന്നാണ് പാലം നവീകരിക്കാൻ തീരുമാനിച്ചത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 27ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് പാലം തുറന്നു കൊടുക്കും. ഡെപ്യൂട്ടി ചെയർപേഴ്സൻ ഒ. സരോജിനി അധ്യക്ഷതവഹിക്കും. നാലു മീറ്റർ വീതിയിലുണ്ടായിരുന്ന പാലം അഞ്ചര മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമാണ് പുതുക്കിപ്പണിതത്.
2023 ഫെബ്രുവരിയിലാണ് ഗതാഗതം നഗരസഭ നിരോധിച്ചത്. എന്നാൽ, തുടർ നടപടികൾ മുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. സെപ്റ്റംബർ 29ന് അന്നത്തെ നഗരസഭ അധ്യക്ഷനായിരുന്ന കേയംതൊടി മുജീബാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നാലുമാസം കൊണ്ടു നവീകരണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനമെങ്കിലും നടന്നില്ല. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒന്നരവർഷത്തിന് ശേഷമാണ് പുതിയ പാലം ഗതാഗതത്തിന് സജ്ജമായിരിക്കുന്നത്. കൽപറ്റ നഗരത്തിലേക്ക്എ ളുപ്പത്തിൽ എത്താം
പിണങ്ങോട് റോഡിൽ നിന്ന് എളുപ്പത്തിൽ കൽപറ്റ നഗരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡാണ് ഫാത്തിമ ആശുപത്രി- മൈതാനി പള്ളി റോഡ്. ഫാത്തിമ ആശുപത്രിയുടെ ഇറക്കം കഴിഞ്ഞയുടനെയാണ് പാലമുള്ളത്. പിണങ്ങോട് ഭാഗത്തു നിന്നു വരുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ തന്നെ കലക്ടറേറ്റിലേക്കും അതുവഴി സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കും പോകാൻ ഈ റോഡിലൂടെ സാധിക്കും. സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് റോഡിലേക്ക് പ്രവേശിച്ച് പിണങ്ങോട് ഭാഗത്തേക്ക് പോകാനും ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. പാലം തുറന്ന് ഗതാഗതം പുനരാരംഭിക്കുന്നതോടെ നഗര കുരുക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനാകുമെന്ന ആശ്വാസത്തിലാണ് ജനം. പാലം തുറക്കുന്നതോടെ നഗരത്തിലെ ചുങ്കത്തെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.