എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
text_fields
കൽപറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം കലക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിെൻറ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാണ് കലക്ടര്‍ എന്‍ ഊരിലെത്തിയത്. ഇപ്പോള്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജേഷ്, സെക്രട്ടറി പി.കെ. ഇന്ദിര, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, എന്‍ ഊര് സെക്രട്ടറി-ഇന്‍ ചാര്‍ജ് എ. മണി, സെക്രട്ടറി വി. ബാലകൃഷ്ണന്, സി.ഇ.ഒ ശ്യാം പ്രസാദ് പി.എസ്, നിര്‍മിതി ആര്‍ക്കിടെക്റ്റ് കെ.കെ. എമില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളും പരമ്പരാഗത അറിവുകളും കോര്‍ത്തിണക്കി ഈ മേഖലയുടെ ഉയര്‍ച്ചക്കൊപ്പം നാടിെൻറ ഉണര്‍വും ലക്ഷ്യമിട്ടിട്ടുള്ളതാണ് പൈതൃകഗ്രാമം.
സംസ്ഥാന സര്‍ക്കാറിെൻറ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിെൻറ ലക്കിടി ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. വയനാട്ടിലെ തനത് ഉൽപന്നങ്ങള് എന്‍ ഊരിലെ വിപണിയില്‍ ലഭ്യമാവും. ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിെൻറ നേതൃത്വത്തില്‍ അഞ്ച് ബ്ലോക്കുകളാണ് ഇവിടെ നിര്‍മിച്ച് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തത്. ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കഫറ്റീരിയ, വെയര്‍ ഹൗസ്, ഫെസിലിറ്റേഷന്‍ സെൻറര്‍, എക്സിബിഷന് ഹാള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ടൂറിസം വകുപ്പിെൻറ തുക ചെലവഴിച്ച് ഓപണ്‍ എയര്‍ തിയറ്റര്‍, ട്രൈബല്‍ ഇൻറര്പ്രെട്ടേഷന് സെൻറര്‍, ഹെറിറ്റേജ് വാക് വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക് ഷോപ് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ പണി പൂര്‍ത്തിയായി വരുന്നു. ജില്ല നിര്‍മിതി കേന്ദ്രയാണ് നിര്‍മാണം ഏറ്റെടുത്തത്.
പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നതോടെ 50 പേര്‍ക്കു നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ജില്ലയിലെ ഗോത്ര വിഭാഗത്തിെൻറ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടികവര്‍ഗ വികസന വകുപ്പിെൻറ കീഴില്‍ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്.
ഗോത്ര പൈതൃകത്തിെൻറ സംരക്ഷണവും അവരുടെ തനത് കലകള്‍, വാസ്തുവിദ്യകള്‍ തുടങ്ങിയവയുടെ പുതിയ തലമുറയിലേക്കുള്ള മൊഴിമാറ്റമാണ് പൈതൃക ഗ്രാമത്തിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല വസ്തുക്കള്‍, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങള്‍, ശില്പകല, ചിത്രകല, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരുടെ ഉല്പന്നങ്ങള് ഇടനിലക്കാര്‍ ഇല്ലാതെ വിപണിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ ഗോത്ര പാരമ്പര്യ സ്വയംതൊഴില്‍ മേഖലകളില്‍ പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, എന്‍.ജി.ഒ, വിവിധ മാര്‍ക്കറ്റിങ് സ്ഥാപനങ്ങളിലൂടെ തനത് ഉല്പന്നങ്ങള് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതോടെ വാണിജ്യ രംഗത്തേക്ക് ഗോത്രവര്‍ഗക്കാരെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.