‘ഹലോ’യെന്ന കാക്ക ഹാപ്പിയാണ്, വളർത്തച്ഛനൊപ്പം
text_fieldsകൽപറ്റ: ഹലോയെന്ന് വളർത്തച്ഛനായ ധർമഗദരാജൻ നീട്ടിവിളിച്ചാൽ എവിടെയാണെങ്കിലും അവൻ പറന്നെത്തും. പിന്നെ ആ തോളത്തും മടിയിലും ഇരുന്ന് കാഴ്ചകൾ കാണും. ധർമഗദരാജന്റെ കൈയിൽ സൂക്ഷിക്കുന്ന ഭക്ഷണം കൊത്തിത്തിന്നുകയും ചെയ്യും. ഇത്, ഹലോ എന്ന കാക്കയും വയനാട് നമ്പ്യാർകുന്ന് സ്വദേശിയായ ധർമഗദരാജനും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ്.
നാലുമാസം മുമ്പാണ് വീടിനു സമീപം മഴയിൽ നിലംപൊത്തിവീണ കൂട് ധർമഗദരാജൻ കണ്ടത്. ചെന്നുനോക്കുമ്പോൾ കൂട്ടിൽ മൂന്ന് കാക്കക്കുഞ്ഞുങ്ങൾ. രണ്ടെണ്ണം ചത്തുപോയിരുന്നു. തൂവൽ പോലും മുളക്കാത്തതിൽ ഒരെണ്ണം ജീവനുവേണ്ടി പിടയുന്നു. രക്ഷിക്കാൻ നോക്കുന്നതിനിടെ കാക്കക്കൂട്ടം ഒന്നായി ഇളകിവന്ന് അദ്ദേഹത്തെ കൊത്തിയോടിച്ചു.
പിന്നെ രാത്രി വരെ കാത്തുനിന്ന ധർമഗദരാജൻ ഇരുട്ടിന്റെ മറവിൽ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്നു സംരക്ഷിച്ചു. ഹലോ എന്ന് പേരുവിളിച്ചു. ഭക്ഷണവും വെള്ളവും നൽകി വളർത്തി. മെല്ലെ വളർച്ചയുടെ പടവുകൾ ചാടിക്കയറിയ ഹലോ ചിറകുകൾ വന്ന് പറന്നുതുടങ്ങി. കുടുംബത്തിലെ ഒരംഗത്തെപ്പോലെ ഇണങ്ങി. ചപ്പാത്തിയാണ് ഇഷ്ടഭക്ഷണം.
ധർമഗദരാജനെ കണ്ടുകഴിഞ്ഞാൽ ഹലോക്ക് മറ്റാരെയും വേണ്ട. വീടിനു പുറത്തിറങ്ങിയാൽ ധർമഗദരാജന്റെ തോളത്ത് പാറിവന്നിരിക്കും. പിന്നെ അദ്ദേഹത്തിന്റെ തോളത്തിരുന്നാണ് സഞ്ചാരം. വീട്ടിൽ തന്നെ തങ്ങുന്ന ഹലോക്ക് കുറച്ച് ചങ്ങാതിമാരെ കിട്ടിയതോടെ ചില ദിവസങ്ങളിൽ വൈകീട്ട് അവർക്കൊപ്പം ചുറ്റിയടിക്കാൻ ഇറങ്ങും. എന്നാലും പുലരും മുമ്പേ വീട്ടിൽ തിരിച്ചെത്തും. 26 വർഷത്തെ സൈനിക ജീവിതത്തിൽനിന്ന് വിരമിച്ച ആളാണ് ധർമഗദരാജൻ. നമ്പ്യാർകുന്ന് പൂളക്കുണ്ട് നെടുംപള്ളിക്കുടി വീട്ടിൽ ഭാര്യ ലതയും മക്കളായ വിഷ്ണു, ജിഷ്ണു എന്നിവർക്കും പ്രിയപ്പെട്ടവനാണ് ഹലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.