കാവിക്കൊടി വിവാദം; സി.പി.എമ്മിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് ഐ.എൻ.ടി.യു.സി
text_fieldsകൽപറ്റ: കേണിച്ചിറ നെല്ലിക്കരയിലെ അംഗൻവാടിയിലെ ശിശുദിന റാലിക്കിടെ കുട്ടികൾ കാവിക്കൊടി പിടിച്ചുവെന്ന ആരോപണം സി.പി.എമ്മിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്നും ഇതിന്‍റെ പേരിൽ അംഗൻവാടി ടീച്ചർക്കെതിരെ നടപടിയെടുത്താൽ ജില്ലയിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പൂതാടി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കര വാർഡിലുള്ള അംഗൻവാടിയിൽ നടന്ന ശിശുദിന റാലി സംഘടിപ്പിച്ചത് രക്ഷിതാക്കളും സപോർട്ടിങ് കമ്മിറ്റിയും പൊതുജനങ്ങളും ചേർന്നാണ്.
റാലിയുടെ മുൻനിരയിൽ സി.പി.എമ്മിന്‍റെ നേതാക്കളും കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നും സാഹചര്യം ഇതായിരിക്കെ കുട്ടികളുടെ കൈയിലുണ്ടായിരുന്ന കടലാസ് പതാക കാവിക്കൊടിയായി ചിത്രീകരിച്ച് ഇടതുപക്ഷം നടത്തുന്ന പ്രലൊരണം അംഗൻവാടിയെ തകർക്കാനും അംഗൻവാടി ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.ജി. ബാബു പറഞ്ഞു.
സംസ്ഥാന അവാർഡ് ജേതാവുകൂടിയായ നെല്ലിക്കര അംഗൻവാടിയിലെ ടീച്ചറോട് ഇതിന് മുമ്പും സി.പി.എം രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ പകപോക്കിയിട്ടുണ്ട്. ഇതിന് ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സംഭവത്തിൽ വിശദീകരണം പോലും ചോദിക്കാതെ അംഗൻവാടി ടീച്ചർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയായ വനിത ഉദ്യോഗസ്ഥയെ ഉപരോധിച്ചത്.
അംഗൻവാടികളിൽ ഐ.സി.ഡി.എസിന്‍റെ നിർദേശാനുസരണം ഓറഞ്ച് ഡേ എന്ന പരിപാടി നടത്തിയിരുന്നു. അതിന് ഉപയോഗിച്ച പതാകകളും റിബണുകളും ശിശുദിന റാലിക്കും ഉപയോഗിക്കുകയായിരുന്നുവെന്നും ഇതാണ് തരംതാണ രാഷ്ട്രീയപകപോക്കലിനായി സി.പി.എം ഉപയോഗിച്ചതെന്നും ടീച്ചർക്കെതിരെ നടപടിയുണ്ടായാൽ ഫെഡറേഷൻ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ല പ്രസിഡന്‍റ് എൻ.എസ്. ബിന്ദു പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാരി, എ.എസ്. വിജയ, കെ.ആർ. സീതാലക്ഷ്മി, കെ.കെ. രാജേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.