സെർവർ തകരാർ പരിഹരിച്ചില്ല; കടകളടച്ച് റേഷൻ വ്യാപാരികളുടെ പ്രതിഷേധം
text_fieldsകൽപറ്റ: തുടർച്ചയായി മൂന്നാം ദിവസവും സെർവർ തകരാർ തുടർന്നതോടെ ജില്ലയിൽ റേഷൻ കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികളുടെ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സെർവർ തകരാറിനെതുടർന്ന് ഇ-പോസ് മെഷീൻ പലപ്പോഴായി പണിമുടക്കുന്ന അവസ്ഥയുണ്ടായി.
ഈ രണ്ടു ദിവസങ്ങളിലും ചിലപ്പോൾ മാത്രമാണ് ഇ-പോസ് മെഷീനിൽ കൈവരിൽ പതിപ്പിച്ചുകൊണ്ട് റേഷൻ വിതരണം സാധ്യമായത്. മാസാവസാനമായതിനാൽ തന്നെ ജില്ലയിലെ റേഷൻ കടകളിൽ ആളുകൾ കൂടുതലായി എത്തുന്നതിനിടെ സെർവർ തകരാർ കൂടി വന്നതോടെ വിതരണം രണ്ടു ദിവസമായി പലയിടത്തും തടസപ്പെട്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
സംസ്ഥാന തലത്തിലുള്ള പ്രശ്നമാണെങ്കിലും ചൊവ്വാഴ്ചയും സെർവർ തകരാർ പരിഹരിക്കപ്പെട്ടില്ല. ഇതോടെയാണ് ജില്ലയിലെ 320ഓളം റേഷൻ കടകൾ അടച്ചിട്ടുകൊണ്ട് റേഷൻ വ്യാപാരികൾ സൂചന പ്രതിഷേധവുമായി രംഗത്തെത്തിയത്. റേഷന്‍ ഡീലേഴ്സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കടകളടച്ചിട്ട് പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച രാവിലെ കുറച്ചുനേരം മാത്രമാണ് ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചത്. ഇ-പോസ് മെഷീനുകൾ പണിമുടക്കിയതോടെ റേഷന്‍ വാങ്ങാന്‍ കടകളില്‍ എത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. മൊബൈലിലേക്ക് ഒ.ടി.പി അയച്ചുകൊണ്ടുള്ള വിതരണവും പലയിടത്തും സാധ്യമായില്ല.
കഴിഞ്ഞ രണ്ടു ദിവസമായി ഉപഭോക്താക്കൾക്ക് അരി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ നൽകാൻ കഴിയാത്തത് റേഷൻ കടകളിൽ ആളുകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
സാധനങ്ങളുണ്ടായിട്ടും വിതരണം നടക്കാത്തതിൽ പലയിടത്തും ജനങ്ങൾ പ്രതിഷേധിച്ചുവെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് വരെ ജില്ലയിലെ റേഷൻ കടകൾ അടച്ചിട്ടുകൊണ്ട് സെർവർ തകരാർ ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൂചന സമരമായി പ്രതിഷേധിച്ചതെന്നും ബുധനാഴ്ചത്തെ സാഹചര്യം കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) ജില്ല പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഇപ്പോൾ തന്നെ റേഷൻ വിതരണം പ്രതിസന്ധിയിലാണ്.
കമീഷൻ ഉൾപ്പെടെ കുറഞ്ഞതിനാൽ റേഷൻ കടകൾ നടത്തികൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടെയാണ് സർവർ തകരാറിലാകുന്നതെന്നും പി. കുഞ്ഞബ്ദുള്ള പറഞ്ഞു. ഇ-പോസ് സംവിധാനം തുടങ്ങിയശേഷം മുമ്പ് സെർവർ തകരാറുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചിരുന്നു.
എന്നാൽ, പലപ്പോഴായി വീണ്ടും സെർവർ തകരാറിലാകുന്നതാണ് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലക്കുന്നത്. ഹൈദരാബാദിലെ എൻ.ഐ.സിക്കാണ് സെർവർ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എങ്കിലും പല ഏജൻസികൾ മുഖേനയാണ് ഇത് നടപ്പാക്കിവരുന്നത്. ഇതിലെ പാളിച്ചാണ് സെർവർ തകരാറിന് കാരണമെന്നാണ് ആരോപണം.
സെർവർ തകരാർ പരിഹരിച്ച് റേഷൻ വിതരണം കുറ്റമറ്റതാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധമുയരും. അതേസമയം, സെർവർ തകരാർ സംസ്ഥാനത്താകെയുള്ള പ്രശ്നമാണെന്നും റേഷൻ കടകൾ അടച്ചിട്ടത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.