സാനിറ്റൈസർ നിർമാണത്തിൻെറ മറവിൽ കടത്തിയത് കോടികളുടെ സ്പിരിറ്റ്
text_fieldsകല്പറ്റ: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ലൈസന്സിെൻറ മറവില്‍ വയനാട് മുത്തങ്ങയിലൂടെ കടത്തിക്കൊണ്ടുപോയത് കോടികളുടെ സ്പിരിറ്റ്. ചെക്പോസ്റ്റുകള്‍ വഴിയുള്ള സ്പിരിറ്റ് കടത്ത് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ മേയിൽ കണ്ടെയ്നർ ലോറിയിൽ കടത്തുന്നതിനിടെ മുത്തങ്ങ ചെക്പോസറ്റിൽ 11,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് സ്പിരിറ്റ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ ഇബ്രാഹിമിെൻറ വെളിപ്പെടുത്തല്‍ ദൂരൂഹത വര്‍ധിപ്പിക്കുകയാണ്.
സംഭവം നടന്നതിന് തൊട്ടുപിന്നാലെ മദ്യമുണ്ടാക്കാനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ അഥവാ ഇ.എന്‍.എ ആണ് പിടികൂടിയതെന്നും അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ട് മാസമായിട്ടും പിടിച്ചത് സ്പിരിറ്റാണോ എന്നറിയാനുള്ള പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
കോഴിക്കോട് കെമിക്കല്‍ ലാബില്‍നിന്ന് പരിശോധനഫലം ഇനിയും ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസ്സമെന്നാണ് ഉദ്യോഗസ്ഥവാദം. കേസ് ഒതുക്കിത്തീര്‍ക്കാനും സ്പിരിറ്റ് മാഫിയയെ രക്ഷപ്പെടുത്താനും ഉന്നതതല ഗൂഢാലോചന നടക്കുന്നതായി ആരോപണമുണ്ട്.
കേസ് അട്ടിമറിക്കാൻ നീക്കം
മേയ് നാലിന് മലപ്പുറം കാക്കഞ്ചേരിയില്‍നിന്ന് കര്‍ണാടകയിലെ മാണ്ട്യയില്‍ പോയി സാനിറ്റൈസര്‍ കൊണ്ടുവരാനാണ് ലോറി ഡ്രൈവർ ഇബ്രാഹിമിനെ വിളിക്കുന്നത്. കൊണ്ടോട്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ പലപ്പോഴും ഡ്രൈവറായി പോകാറുള്ളതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ തേടിയില്ല. എങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലും താമരശ്ശേരി സ്പെഷല്‍ ബ്രാഞ്ചിലും വിളിച്ച് അറിയിച്ച ശേഷമായിരുന്നു ലോഡ് കയറ്റാനായി അഞ്ചിന് കര്‍ണാടകയിലെ മാണ്ട്യയിലെത്തിയതെന്ന് ഇബ്രാഹിം പറയുന്നു. ഉച്ചക്കുശേഷം മാണ്ട്യയില്‍ നിന്നും ലോഡ് കയറ്റുമ്പോള്‍ പരിശോധനയുണ്ടാകുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനിടയായത് സംശയത്തിനിടയാക്കി.
ഇതോടെ മലപ്പുറം ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ്, വഴിക്കടവ് ചെക്പോസ്റ്റ്, പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫിസ് എന്നിവിടങ്ങളില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഒടുവില്‍ വയനാട് നാര്‍ക്കോട്ടിക് സി.ഐയെ നേരിട്ട് വിളിച്ച് വിവരം ധരിപ്പിച്ചു. അതുപ്രകാരമാണ് മുത്തങ്ങക്ക് സമീപം പൊന്‍കുഴി വരെ ലോറിയെത്തിക്കുന്നത്.
മാണ്ട്യയില്‍ നിന്നും സ്പിരിറ്റ് കൊണ്ടുവരുമ്പോള്‍ അതിെൻറയാളുകള് കാറില്‍ ഒപ്പമുണ്ടായിരുന്നു. ലോറി കുട്ട വഴി തിരിച്ചുവിടാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും, മുത്തങ്ങ വഴി പോയി ബില്ലുകളടക്കം കാണിച്ച് ബോധ്യപ്പെടുത്തിയിട്ടേ പോകൂ എന്ന് അവരോട് പറഞ്ഞു. പൊന്‍കുഴിയില്‍ ലോറി നിര്‍ത്തിയിട്ടതിനു ശേഷം നാര്‍ക്കോട്ടിക് സി.ഐ സ്ഥലത്തെത്തിയ ശേഷമായിരുന്നു അവിടെനിന്ന് അവരുടെ നിര്‍ദേശപ്രകാരം നാട്ടിലേക്ക് മടങ്ങിയതെന്നും ഇബ്രാഹിം വ്യക്തമാക്കുന്നു.
വിവരം നേരത്തേ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചതിനാലും ഇതിെൻറ തുടര്‍നടപടികളെ സംബന്ധിച്ച് വിവരങ്ങള്‍ തിരക്കിയതിനാലും ഈ കേസിെൻറ പിറകെ പോകരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പിന്നീട് ബന്ധപ്പെട്ടെന്നും ഇബ്രാഹിം ആരോപിക്കുന്നു. കേസില്‍ നിന്നും ഒഴിവായാല്‍ വന്‍തുക നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതിന് തയാറാകാത്തതിനാല്‍ പിന്നീട് സ്പിരിറ്റ് കൊണ്ടുവന്നവരില്‍നിന്ന് ഭീഷണികളുണ്ടായി.
തേഞ്ഞിപ്പലം പൊലീസിൽ പരാതി നല്‍കിയെങ്കിലും ഒരുവിധ അന്വേഷണവുമുണ്ടായില്ല. മുപ്പതിലധികം ഉദ്യോഗസ്ഥരെയാണ് ഇതിനകംതന്നെ ഇബ്രാഹിം വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചത്. സ്പിരിറ്റ് പിടികൂടിക്കഴിഞ്ഞ് രണ്ടുമാസത്തിനിടെ നൂറിലേറെ തവണ കടത്തുകാര്‍ ഇബ്രാഹിമിനെയും വിളിച്ചു. ഇതിൻെറയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇബ്രാഹിം തയാറായിട്ടും ഉദ്യോഗസ്ഥര്‍ നിസ്സംഗത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.