ഇങ്ങനെ മാറാനായാൽ ടൗൺഹാൾ 'പൊളിക്കും'
text_fieldsകൽപറ്റ: കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ടൗൺഹാൾ മാറ്റിപ്പണിയുമെന്ന് കൽപറ്റ നഗരസഭ ഭരണസമിതി. ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളായി ടൗണ്‍ഹാള്‍ പുതുക്കിപ്പണിയാനാണ് ഭരണസമിതി ഒരുങ്ങുന്നത്.
നഗരഹൃദയഭാഗത്ത് പുതിയ ടൗൺഹാളിന് അഞ്ചു കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടന്നുവരുകയാണെന്ന് നഗരസഭ അധികൃതർ പറയുന്നു.
ജില്ല ആസ്ഥാനമായ കൽപറ്റയില് കുറഞ്ഞ ചെലവില്‍ പൊതുപരിപാടികളും വിവാഹങ്ങളും മറ്റും ഇവിടെ നടത്താനാവുമെന്നാണ് പ്രതീക്ഷ.
നിർമാണത്തിന്റെ ആദ്യപടിയായി ഡി.പി.ആര് തയാറാക്കാനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്പിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു.
മുനിസിപ്പാലിറ്റിയുടെ പ്ലാന്‍ ഫണ്ടും കൂടാതെ വായ്പയും എടുത്ത് നിർമാണത്തിനുള്ള തുക കണ്ടെത്താനാണ് ഭരണസമിതി തീരുമാനം.
കൽപറ്റയിലെ മാര്‍ക്കറ്റ് റോഡില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൂർണമായി പൊളിച്ചുമാറ്റിയാകും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഹാള്‍ പണിയുന്നത്. നാല് പതിറ്റാണ്ട് മുമ്പ് പണിത നിലവിലെ ടൗണ്‍ഹാള്‍ ജീർണാവസ്ഥയിലാണിപ്പോൾ.
400 പേര്‍ക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയം, വിശാലമായ സ്റ്റേജ്, 200 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം തുടങ്ങിയവ ഒന്നാം നിലയില്‍ സജ്ജീകരിക്കും. ഭക്ഷണം പാകം ചെയ്യാനും വിതരണത്തിനും പ്രത്യേക സൗകര്യമുണ്ടാവും. ബാല്‍ക്കണിയില്‍ 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും. അതിഥികൾക്കുള്ള വിശ്രമ മുറികളും 30 പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ടു പ്രത്യേക കോൺഫറന്‍സ് ഹാളും ഉണ്ടാവും. വാഹന പാര്‍ക്കിങ് സൗകര്യവും സംവിധാനിക്കും. ശുചിത്വത്തിന് മുന്തിയ പരിഗണന നൽകുമെന്നും നഗരസഭ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.