ജില്ല സ്കൂൾ കായികമേളക്ക് വ്യാഴാഴ്ച വിസിൽ മുഴങ്ങും
text_fieldsകൽപറ്റ: 12ാമത് റവന്യൂ ജില്ല സ്കൂൾ കായികമേള നവംബർ 17 മുതൽ19 വരെ കൽപറ്റ എം.ജെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജി.വി.എച്ച്.എസ്.എസ് കൽപറ്റ ആതിഥ്യം വഹിക്കുന്ന മേളക്ക് തുടക്കം കുറിച്ച് വ്യാഴാഴ്ച 1.30ന് ജില്ല വിദ്യാഭ്യാസ ഡയറക്ടർ കെ. ശശി പ്രഭ പതാക ഉയർത്തും. 18ന് രാവിലെ ടി. സിദ്ദീഖ് എം.എൽ.എ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.
57 വ്യക്തിഗത ഇനങ്ങളിലും 10 ഗ്രൂപ്പിനങ്ങളിലുമായി എണ്ണൂറിലധികം പ്രതിഭകൾ മാറ്റുരക്കുന്ന കായികമേള കോവിഡിന് ശേഷമുള്ള ആദ്യ മത്സരമാണെന്ന പ്രത്യേകതയുണ്ട്. വയനാടിന്റെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മേളയെന്ന ഖ്യാതിയും ഇത്തവണത്തേതിന് സ്വന്തമാവും. ബുധനാഴ്ച വൈകീട്ട് മൂന്നിന് കായികമേളയുടെ വിളംബര ജാഥ നടക്കും. വർണശബളമായ ഘോഷയാത്ര നഗരസഭ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്‍സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
19ന് വൈകീട്ട് മേളയുടെ സമാപനസമ്മേളനം ഒ. ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ഹരിത നിയമാവലി പാലിച്ചായിരിക്കും മേളയെന്നും ഒരുക്കം പൂർത്തിയായതായും സംഘാടകർ അറിയിച്ചു. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, വാർഡ് കൗൺസിലർ എം.കെ. ഷിബു, നജീബ് മണ്ണാൻ, എം. പവിത്രൻ, പി.ടി. സജീവൻ, ഷാനു ജേക്കബ്, എൻ.എ. അർഷാദ്, ശിവദാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.