ഇരുവൃക്കയും തകരാറിലായ യുവാവ് സഹായം തേടുന്നു
text_fieldsകൽപറ്റ: ഇരുവൃക്കയും തകരാറിലായ യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായംതേടുന്നു. മേപ്പാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെല്ലിമുണ്ട സ്വദേശിയായ തച്ചങ്കോടന്‍ വീട്ടില്‍ അഷ്റഫ്-സക്കീന ദമ്പതികളുടെ മകന് ഷക്കീര്‍ (ബാവുപ്പ-24) ആണ് ചികിത്സാസഹായം തേടുന്നത്. പ്രവര്‍ത്തന രഹിതമായ ഇരുവൃക്കകളുടെ ശസ്ത്രക്രിയക്കും പാന്‍ക്രിയാസ് ശസ്ത്രക്രിയക്കും ഒരുവര്‍ഷത്തെ തുടര്‍ ചികിത്സക്കുമായി 40 ലക്ഷത്തോളം രൂപ ചികിത്സ ചെലവ് വരുമെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ആറ് വയസ്സ് മുതലേ പ്രമേഹ ബാധിതനാണ് ഷക്കീര്‍. പിതാവ് അഷ്റഫാണ് ഷക്കീറിന് വൃക്ക നല്‍കുന്നത്. ചികിത്സ ചെലവിന് ആവശ്യമായ തുക തൊഴിലാളി കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്. മുണ്ടക്കൈയില്‍ വ്യാഴാഴ്ച ബിരിയാണി ചലഞ്ചിലൂടെയും താഴെ നെല്ലിമുണ്ടയില്‍ ഈ മാസം 25, 26 തീയതികളിലായി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂർണമെൻറിലൂടെയും കഴിയുന്നത്ര പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധി എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡൻറ് ബിന്ദു ടീച്ചര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രക്ഷാധികാരികളായും മേപ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ മിനികുമാര്‍ ചെയര്‍പേഴ്സനായും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ മുഹമ്മദ് റാഫി കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചു.
ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തികസഹായം നല്‍കാം. സൗത്ത് ഇന്ത്യന്‍ ബേങ്ക് മേപ്പാടി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 0230053000015584, ഐ.എഫ്.എസ്.സി: SIBL0000230. ഗൂഗിള്‍ പേ നമ്പര്‍: 6282561066. വാര്‍ത്തസമ്മേളനത്തില്‍ കമ്മിറ്റി ചെയര്പേഴ്സൻ മിനികുമാര്‍, കണ്‍വീനര്‍ സുനീറ മുഹമ്മദ് റാഫി, കോഓഡിനേറ്റര്‍ സി. ശിഹാബ്, ശംസുദ്ദീന്‍ റഹ്മാനി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.