ജില്ലയിൽ 7000ത്തോളം തെരുവുനായ്ക്കൾ
text_fieldsകല്പറ്റ: ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും പ്രതിരോധ നടപടികളില്ലാതെ അധികൃതർ. ജില്ലയിൽ ആകെ 6907 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 637 എണ്ണത്തിനു മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. നിലവിൽ ഇവിടെ എ.ബി.സി ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല.
ജില്ലയിലെ എല്ലാ നഗരങ്ങളിലും തെരുവുനായ്ക്കൾ അലഞ്ഞുതിരിയുമ്പോഴും ഇവയെ നിയന്ത്രിക്കുന്നതിനോ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനോ തദ്ദേശ സ്ഥാപനങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തെരുവുനായ് ശല്യം വർധിച്ചതോടെ സ്കൂള്‍, മദ്റസ വിദ്യാർഥികളും നാട്ടുകാരും ആശങ്കയിലാണ്.
നിരവധി പേരെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് അടുത്തിടെ ആക്രമിച്ചിരുന്നു. ജില്ലയിലെ പല ടൗണുകളിൽ കൂടിയും നടക്കണമെങ്കില്‍ തെരുവുനായെ നേരിടാൻ കൈയില്‍ ഒരു വടികൂടി കരുതേണ്ട അവസ്ഥയാണ്. കൂട്ടത്തോടെയാണ് നായ്ക്കള്‍ നഗരങ്ങളില്‍ അലഞ്ഞുതിരിയുന്നത്.
കൽപറ്റയിൽ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപം, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, പഴയ മാര്‍ക്കറ്റ് പരിസരം, പിണങ്ങോട് ജങ്ഷൻ എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്.
രാത്രിയായാൽ നടപ്പാതകളും റോഡുകളുമെല്ലാം ഇവ കൈയടക്കും. അനന്തവീര തിയറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രാത്രിയാവുന്നതോടെ നിരവധി തെരുവുനായ്ക്കളാണ് തമ്പടിക്കുന്നത്. പലരും നായ്ക്കളുടെ ആക്രമണത്തില്‍നിന്നു കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയില്‍ പലപ്പോഴും ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.
തെരുവുനായ്ക്കളെ ഭയന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പ്രഭാതസവാരി ഉപേക്ഷിച്ചു. രാവിലെ മദ്റസയിലേക്കു പോകുന്ന വിദ്യാര്‍ഥികളും പത്രവിതരണക്കാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പലസ്ഥലങ്ങളിലും റോഡരികിൽ മാലിന്യം കുന്നുകൂടുന്നതാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നതെന്ന് ആരോപണമുണ്ട്.
ബത്തേരി നഗരത്തിൽ രാവിലെ നടക്കാന്‍ പോകുന്നവര്‍ക്ക് പിന്നാലെയും ബസ് സ്റ്റാന്‍ഡുകളിലും ഇടവഴികളിലുമൊക്കെ നായ്ക്കള്‍ ഒറ്റയായും കൂട്ടമായും എത്തുകയാണ്. ഗാന്ധി ജങ്ഷൻ, ബസ് കാത്തിരിപ്പു കേന്ദ്രത്തിലെല്ലാം നിരവധി നായ്ക്കളാണ് തമ്പടിക്കുന്നത്.
ഒരുവര്‍ഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 200ലധികം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. തെരുവു നായ്ക്കള്‍ക്കായുള്ള എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതി പുനരാരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. ആവശ്യത്തിനു ഫണ്ട് ലഭ്യമാകാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.