മികച്ച മൈതാനങ്ങളില്ല; കൽപറ്റയിലെ ഫുട്ബാൾ പ്രേമികൾക്ക് തിരിച്ചടി
text_fieldsകൽപറ്റ: ഫുട്ബാൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കൽപറ്റ നഗരത്തിലും പരിസരങ്ങളിലും മികച്ച മൈതാനങ്ങൾ ഇല്ലാത്തത് തിരിച്ചടിയാവുന്നു. അനുയോജ്യമായ ഗ്രൗണ്ടുകൾ ലഭ്യമല്ലാത്തതിനാൽ പല മത്സരങ്ങളും ടർഫുകളിലേക്ക് മാറ്റേണ്ടിവരുന്നു.
അനുയോജ്യമായ ഗ്രൗണ്ട് ഇല്ലാത്തതിനാൽ കൽപറ്റ പ്രീമിയർ ലീഗ് സെവൻസ് മത്സരങ്ങൾ സിക്സസിലേക്ക് മാറ്റി ടർഫിലാണ് ഇത്തവണ അരങ്ങേറുന്നത്. കൽപറ്റയുടെ ഫുട്ബാളിൽ എന്നും അടയാളപ്പെട്ടുകിടക്കുന്ന ഇടമാണ് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ട്. എന്നാൽ, ടൂർണമെന്റുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്തവിധമാണ് മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
പലവിധ പൊതുപരിപാടികൾക്കും കളിക്കളം ഉപയോഗിക്കുന്നതിനാൽ ഗ്രൗണ്ട് ഫുട്ബാൾ മത്സരങ്ങൾക്ക് അനുയോജ്യമല്ലാത്ത സ്ഥിതിയിലാണുള്ളത്. മുണ്ടേരി സ്കൂൾ ഗ്രൗണ്ട് വിദ്യാലയ നവീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തിയിരുന്നതിനാൽ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്.
കളികൾക്ക് അനുയോജ്യമായ നിലയിൽ ഗ്രൗണ്ട് നവീകരിക്കാൻ നടപടിയുണ്ടായിട്ടില്ല. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ അടക്കം നടന്ന മൈതാനമാണിത്. ഇൻഡോർ സ്റ്റേഡിയം വന്നതോടെ അമ്പിലേരിയിലെ ഗ്രൗണ്ടും നഗരസഭയിലെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നിയന്ത്രണം വന്നു.
ഗ്രൗണ്ട് ഇല്ലാത്തതിനാൽ ജില്ല എ ലീഗ് മത്സരങ്ങൾ നടക്കുന്നത് വെങ്ങപ്പള്ളി ചോലപ്പുറത്താണ്. നഗരസഭക്കകത്തെ പല സ്വകാര്യ മൈതാനങ്ങളും ഉടമകൾ നിർമാണ പ്രവർത്തികൾക്കായി ഉപയോഗിച്ചതോടെ ഫുട്ബാൾ പ്രേമികൾക്ക് പരിശീലനത്തിനും കളിക്കാനും മത്സരങ്ങൾക്കും ഇടമില്ലാത്ത അവസ്ഥയുണ്ട്. ഇതിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.