സർക്കാർ സബ്സിഡി ലഭിക്കുന്നില്ല; ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരത്തിലേക്ക്
text_fieldsകല്പറ്റ: വയനാട്ടില്‍ ജനകീയ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരത്തിലേക്ക് നീങ്ങുന്നു. ഒമ്പതുമാസമായി സര്‍ക്കാര്‍ സബ്സിഡി ലഭിക്കാത്തതിനാൽ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലായ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഹോട്ടൽ നടത്തിപ്പുകാരായ സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ സബ്സിഡി ലഭിക്കാതെ ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഇനിയും സബ്സിഡി തുക അനുവദിക്കുന്നില്ലെങ്കിൽ കലക്ടറേറ്റ് പടിക്കൽ നിരാഹാര സത്യഗ്രഹമിരിക്കുമെന്നും ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരും കുടുംബശ്രീ പ്രവർത്തകരുമായ സരളാമണി (വെള്ളമുണ്ട), സുസ്മിത മാധവന് (മാനന്തവാടി), ലിസി തോമസ് (പനമരം) എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനകീയ ഹോട്ടലില്‍ ഊണിന് 20 രൂപയാണ് വില. ഊണ് ഒന്നിന് 10 രൂപയാണ് സര്‍ക്കാര്‍ സബ്സിഡി. കുറഞ്ഞത് 250 ഊണ് ഓരോ ജനകീയ ഹോട്ടലിലും വില്‍ക്കുന്നുണ്ട്. സബ്സിഡിയിനത്തില്‍ ഒമ്പതു ലക്ഷം രൂപ വരെ ലഭിക്കാനുള്ള ജനകീയ ഹോട്ടലുകള്‍ ജില്ലയിലുണ്ട്. കിട്ടാവുന്നിടങ്ങളില്നിന്നെല്ലാം കടം വാങ്ങിയാണ് നടത്തിപ്പുകാര്‍ ഹോട്ടല്‍ നടത്തുന്നത്.
ഈ അവസ്ഥയില്‍ ഇനിയും തുടരുക ദുഷ്കരമാണെന്നാണ് ഇവർ പറയുന്നത്. കുടുംബശ്രീ ജില്ല മിഷന് മുഖേനയും നേരിട്ടും സംസ്ഥാന മിഷനുമായി ബന്ധപ്പെട്ടിട്ടും സബ്സിഡി കുടിശ്ശിക ലഭിക്കുന്നില്ല. കുടുംബശ്രീ സംസ്ഥാന മിഷന് അധികൃതര്‍ പറഞ്ഞ അവധികളിലൊന്നും സംരംഭകര്‍ക്ക് തുക കിട്ടിയില്ല.
ദുര്‍ബല വരുമാനക്കാരടക്കം നിരവധിപേർ ഉച്ചഭക്ഷണത്തിനാശ്രയിക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കായി സംസ്ഥാന ബജറ്റില്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല. വാടക, വൈദ്യുതി-വെള്ളം ചാര്‍ജ് എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുമെന്ന ഉറപ്പും സംരംഭകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ജനകീയ ഹോട്ടലുകള്‍ക്ക് വാടകയും വൈദ്യുതി-വെള്ളം ചാര്‍ജുകളും അനുവദിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാമമാത്രമാണ്.
ജില്ലയില്‍ കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി 30 ജനകീയ ഹോട്ടലുകളാണുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം ഇതില്‍ മൂന്നെണ്ണം പൂട്ടി. അവശേഷിക്കുന്നവയുടെ പ്രവര്‍ത്തനവും നിലക്കുമെന്ന സ്ഥിതിയാണ്.
ശരാശരി അഞ്ചു തൊഴിലാളികള്‍ ഓരോ ജനകീയ ഹോട്ടലിലുമുണ്ട്. 500 രൂപയാണ് തൊഴിലാളിക്ക് ദിവസക്കൂലി. ഹോട്ടലിലെ ദൈനംദിന വിറ്റുവരവില്‍ തൊഴിലാളികളുടെ കൂലി കഴിച്ചാല്‍ നാമമാത്ര തുകയാണ് ബാക്കി.
അടുത്ത ദിവസത്തെ ആവശ്യത്തിന് അരിയും മറ്റു സാധനങ്ങളും വാങ്ങുന്നതിന് പണം വേറേ കണ്ടെത്തണം. മാവേലി സ്റ്റോറില്‍ പോലും കടം പറഞ്ഞാണ് നടത്തിപ്പുകാരില്‍ ചിലര്‍ സാധനങ്ങള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്തെ സാമൂഹിക അടുക്കളകളാണ് ജനകീയ ഹോട്ടലുകളായി മാറിയത്.
ജനങ്ങൾക്ക് ഏറെ സഹായകമായ ജനകീയ ഹോട്ടലുകൾ തുടർന്നും സുഗമമായി പ്രവർത്തിക്കണമെങ്കിൽ സർക്കാർ അടിയന്തരമായി സബ്സിഡി തുക അനുവദിക്കണമെന്നാണ് നടത്തിപ്പുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.