ദേശീയ മത്സരം ഏശിയില്ല; പോളിങ്ങിൽ ഇടിവ്
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ ഇത്തവണ 1,02,744 വോട്ടർമാർ അധികരിച്ചിട്ടും മുൻവർഷത്തേക്കാൾ കൂടുതൽ പോൾ ചെയ്തത് 13160 വോട്ടു മാത്രം. ഏഴു ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്. ദേശീയ ശ്രദ്ധ നേടുകയും ദേശീയ നേതാക്കൾ മത്സരത്തിനിറങ്ങുകയും ചെയ്ത തെരഞ്ഞെടുപ്പായിട്ടും വോട്ടിങ്ങിൽ വൻ ഇടിവാണുണ്ടായത്.
2019ൽ 80.37 ശതമാനമായിരുന്ന പോളിങ് ഇത്തവണ 73.48 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു. മണ്ഡലം രൂപവത്കൃതമായ ശേഷമുള്ള ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണത്തേത്. 2009ൽ 74 ശതമാനമായിരുന്നു പോളിങ്. നിലമ്പൂർ മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കുറവ് പോളിങ് നടന്നത്, 71.35 ശതമാനം.
അതേസമയം, 2019ൽ ഇവിടെ 77.53 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്. ഇവിടെ 77.76 ഇത്തവണ വോട്ട് രേഖപ്പെടുത്തിയപ്പോൾ 2019ൽ 81.43 ശതമാനായിരുന്നു പോളിങ്. ഇവിടെയാകട്ടെ 3.67 ശതമാനത്തിന്റെ കുറവ് മാത്രമേ ഉണ്ടായുള്ളൂ.
യു.ഡി.എഫും എൽ.ഡി.എഫും ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടും എൻ.ഡി.എ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ രംഗത്തിറക്കിയിട്ടും വോട്ടർമാർക്കിടയിൽ കാര്യമായ ചലനമൊന്നുമുണ്ടാക്കിയില്ലെന്നു വേണം കരുതാൻ. പ്രചാരണത്തിലെ അവസാനഘട്ടത്തിലുണ്ടായ മുന്നണികളുടെ ആവേശവും രാഹുലും ആനിരാജയും സുരേന്ദ്രനുമുൾപ്പെടെയുള്ള പ്രമുഖരുടെ സ്ഥാനാർഥിത്വവും വോട്ടർമാരിൽ ആവേശമുണ്ടാക്കിയില്ലെന്നാണ് വോട്ടിങ് ശതമാമാനത്തിലെ കുത്തനെയുള്ള ഇടിവ് കാണിക്കുന്നത്.
മുന്നണികൾ ആശങ്കയിൽ
വോട്ടിങ്ങിലുണ്ടായ വൻ ഇടിവ് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. മണ്ഡലം രൂപവത്കൃതമായ ശേഷം നടന്ന 2009 ലെ തെരഞ്ഞെടുപ്പിനോട് അടുത്താണ് ഇത്തവണത്തെ പോളിങ്. അന്ന് യു.ഡി.എഫിലെ ഷാനവാസ് ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കഴിഞ്ഞ തവണയാകട്ടെ 80.37 ശതമാനം വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചത്. ഇക്കുറി പോളിങ് ശതമാനത്തിലുണ്ടായ കുറവ് രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ. അതേസമയം വോട്ടിങ് കുറഞ്ഞാലും ഭൂരിപക്ഷം മൂന്ന് ലക്ഷത്തിൽ കുറയില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഇറങ്ങിയ തെരഞ്ഞെടുപ്പിൽ പരമാവധി പാർട്ടി വോട്ടുകൾ പെട്ടിയിലാക്കാമെന്ന് പ്രതീക്ഷയിലായിരുന്നു എൻ.ഡി.എ എങ്കിലും അവസാന ദിവസമുണ്ടായ കിറ്റ് വിവാദം ഉൾപ്പടെയുള്ളവ സുരേന്ദ്രന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. കൂടാതെ ജില്ലയിൽ ബി.ജെ.പിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളും വോട്ട് ചോർച്ചക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.