കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കാർഷിക വായ്പ എഴുതിത്തള്ളി
text_fieldsകൽപറ്റ: പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വായ്പക്കായി തോമസ് ബാങ്കിൽ പണയപ്പെടുത്തിയ ആധാരം ഉൾപ്പെടെ പ്രമാണങ്ങൾ ഫെബ്രുവരി ആറിന് വൈകീട്ട് മൂന്നിന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറും.
ജനുവരി 12ന് പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ തോമസിന്റെ കുടുംബത്തിന്റെ വിഷമതകൾ കണ്ട് വായ്പ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 20ന് ചേർന്ന കേരള ബാങ്ക് ഭരണ സമിതി യോഗം ബാങ്കിന്റെ കോറോം ശാഖയില്‍നിന്ന് കഴിഞ്ഞ ആഗസ്റ്റില്‍ തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാന്മിത്ര വായ്പയും പലിശയും എഴുതിതള്ളാന്‍ തീരുമാനിക്കുകയായിരുന്നു. 16,309 രൂപയാണ് പലിശയുണ്ടായിരുന്നത്. തോമസ് താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയാണ് വായ്പയെടുത്തത്.
കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കോഴിക്കോട് റീജനൽ ജനറൽ മാനേജർ സി. അബ്ദുൽ മുജീബ്, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ, സീനിയർ മാനേജർ സി.ജി. പ്രഷീദ്, പബ്ലിക് റിലേഷൻസ് ഓഫീസർ സി. സഹദ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.