വിദ്യാര്‍ഥികളെ മര്‍ദിച്ച കേസിൽ അറസ്റ്റിലായവർ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്
text_fieldsകല്പറ്റ: പൊലീസിനെതിരെ ആരോപണങ്ങളുമായി കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാക്കള്‍. സ്കൂളിന് പുറത്ത് സുഹൃത്തിനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്കാനെത്തിയപ്പോള് വിദ്യാര്‍ഥികള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ വി.കെ. മുഹമ്മദ് യാസിര്‍, പുഴയ്ക്കല്‍ ഷഹല്‍, കായക്കല്‍ മുഹമ്മദ് ഷനൂബ്, പുല്ലാന്നിക്കല് മുഹമ്മദ് അമാസ്, പാമ്പോടന്‍ ജാസര്‍ മിദ്ലാജ്, സ്കൂളിന് പുറത്ത് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ വി.കെ. ഷംനാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതിചേര്‍ക്കപ്പെട്ട പുല്ലാന്നിക്കല് മുഹമ്മദ് അമാസ്, പാമ്പോടന്‍ ജാസര്‍ മിദ്ലാജ് എന്നിവര്‍ ജാസര്‍ മിദ്ലാജിന്റെ സ്കൂളില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായാണ് സ്കൂളിലെത്തിയത്. സംഘർഷം കണ്ട് പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഇവര്‍ പറഞ്ഞു.
പുഴയ്ക്കല്‍ ഷഹല്‍, കായക്കല്‍ മുഹമ്മദ് ഷനൂബ് എന്നിവര്‍ പൊലീസിനൊപ്പമാണ് കാമ്പസിലെത്തിയത്. എന്നാല്‍, സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെയും തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയും അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മര്‍ദനമേറ്റ ഷംനാദിന്റെ പരാതി സ്വീകരിക്കാന്‍ കമ്പളക്കാട് പൊലീസ് തയാറായില്ലെന്നും ഇവര്‍ പറഞ്ഞു.
പിന്നീട് കഴിഞ്ഞ ദിവസം മാതാവെത്തി എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു. മര്‍ദനത്തില്‍ ഷംനാദിന്റെ കൈക്ക് പൊട്ടലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടി തങ്ങളുടെമേല്‍ ചാര്‍ത്തി കള്ളക്കേസെടുത്തിരിക്കുകയാണ്. ലഹരി ഉപയോഗിച്ച് കാമ്പസില്‍ കയറിയെന്നാണ് പൊലീസ് പ്രചരിപ്പിച്ചത്. ഇത് വാസ്തവവിരുദ്ധമാണ്. കോടതിയില്‍ ഹാജരാക്കുന്നതില്‍ മനഃപൂർവം കാലതാമസം വരുത്തിയ പൊലീസ്, സ്റ്റേഷനില്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.