പൊന്മുടിക്കോട്ടയുടെ ഉറക്കംകെടുത്തി കടുവയും പുലിയും
text_fieldsകൽപറ്റ: കഴിഞ്ഞ വർഷം നവംബർ 17നാണ് പൊൻമുടിക്കോട്ട പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പെൺകടുവ കൂട്ടിലാകുന്നത്. അതിനുശേഷം പ്രദേശത്തുള്ളവർ പേടികൂടാതെ ഉറങ്ങിയിട്ടില്ല. അന്ന് പെൺകടുവ കൂട്ടിലായെങ്കിലും ഇവിടം കേന്ദ്രീകരിച്ച് മൂന്നു കടുവകളും രണ്ടു പുലികളും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി നിരത്തിക്കൊണ്ടാണ് അവർ ഇക്കാര്യം തുറന്നുപറയുന്നത്. അന്ന് കൂട്ടിലായ പെൺകടുവയുടെ രണ്ടു കുട്ടികൾ ഉൾപ്പെടെയുള്ള മൂന്നു കടുവകളും മറ്റു രണ്ടു പുലികളുമാണ് പ്രദേശത്തെ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന് ഭക്ഷിക്കുന്നതെന്ന് നാട്ടുകാർ പറയുമ്പോഴും അവയെ പിടികൂടാനുള്ള ശ്രമങ്ങളിൽ വനംവകുപ്പ് തികഞ്ഞ അനാസ്ഥ കാണിക്കുകയാണെന്നാണ് ആരോപണം.
മൂന്നു കടുവകളും രണ്ടു പുലികളും പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് അനൗദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പൊൻമുടിക്കോട്ട ജനകീയ കർമ സമിതി ഭാരവാഹികളും പറയുന്നത്.
വനംവകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ പൊൻമുടിക്കോട്ട ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ ജനുവരി 31ന് റോഡ് ഉപരോധ സമരം നടക്കും. രാവിലെ പത്തിന് കൊളഗപ്പാറ- അമ്പലവയൽ റോഡിൽ ആയിരംകൊല്ലിയിലാണ് ഉപരോധ സമരമെന്ന് ജനകീയ കർമസമിതി ഭാരവാഹികൾ അറിയിച്ചു.
കടുവയെയും പുലിയെയും പിടികൂടുക, പ്രദേശത്ത് ആറു കൂടുകൾ സ്ഥാപിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ എടക്കൽ ഗുഹയോട് ചേർന്നുള്ള പ്രദേശമാണ് പൊൻമുടിക്കോട്ട. നെന്മേനി ഗ്രാമപഞ്ചായത്തിലെ 23ാം വാർഡായ എടക്കൽ കുപ്പക്കൊല്ലി, ഒന്നാം വാർഡായ അമ്പുകുത്തി, രണ്ടാം വാർഡായ മലവയൽ, 22ാം വാർഡായ മാളിക, അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ കുപ്പമുടി, ബത്തേരി നഗരസഭയിലെ കരടിമൂല, പൂതിക്കാട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലായാണ് വന്യമൃഗങ്ങളുടെ ഭീതി നിലനിൽക്കുന്നത്.
പ്രദേശത്തെ ഏഴു വളർത്തുനായ്ക്കൾ, അഞ്ച് ആടുകൾ, രണ്ടു പശുക്കൾ തുടങ്ങിയവയെ കടുവയും പുലിയും കൊന്നു തിന്നു. ആക്രമണത്തിൽ പരിക്കേറ്റ നാല് ആടുകളും ചത്തു. പൊൻമുടിക്കോട്ടയിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് കുപ്പാടി വനമേഖല.
വനമേഖലയല്ലാത്ത പ്രദേശത്ത് വന്യമൃഗങ്ങൾ താവളമാക്കിയതോടെ കൂലിപ്പണിക്കാരും ക്ഷീരകർഷകരും ഉൾപ്പെടെയുള്ള പ്രദേശവാസികളാണ് ദുരിതത്തിലായത്. ഇതിനാൽ തന്നെ പാൽ കൊടുക്കാനും കൂലിപണിക്ക് പോകാനും പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
നിലവിൽ വിവിധയിടങ്ങളിലായി എട്ടു കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ആർ.ആർ.ടി സംഘമുൾപ്പെടെ സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ കുപ്പമുടി എസ്റ്റേറ്റ് മേലെ ബംഗ്ലാവിന് സമീപം ഒരു കൂടും പൊൻമുടിക്കോട്ട ക്ഷേത്രത്തിന് സമീപമായി ഒരു കൂടുമാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നു കൂടുകൾ കൂടി എത്തിച്ച് കടുവ പിടിയിലാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടി സ്ഥാപിക്കണമെന്നാണ് കർമ സമിതിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.