മരം കയറ്റിറക്ക് തൊഴിലാളി സമരം; ആവശ്യപ്പെടുന്നത് അന്യായ കൂലിവർധനയെന്ന് മരവ്യാപാരികൾ
text_fieldsആവശ്യക്കാരില്ലാതെ നശിക്കുന്ന മരത്തടികൾ
കൽപറ്റ: കാട്ടിക്കുളത്തും പയ്യംപള്ളിയിലും മരം, കട്ടൻസ്, വിറക് എന്നിവയുടെ കയറ്റിറക്ക് തൊഴിലാളികൾ അന്യായമായ കൂലിവർധന ആവശ്യപ്പെട്ടാണ് ഒരാഴ്ചയായി പണിമുടക്കുന്നതെന്ന് മരവ്യാപാരികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മരവ്യവസായ പ്രതിസന്ധിയിലായി മുറിച്ചിട്ട മരങ്ങൾക്ക് ആവശ്യക്കാരില്ലാതെ നശിക്കുന്ന അവസ്ഥയിലാണ് 25 ശതമാനം കൂലിവർധന തൊഴിലാളികൾ ആവശ്യപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടിയും ഇതര ജില്ലകളിലേതിനെക്കാൾ കൂടുതലും തുകയാണ് ഇപ്പോൾ നൽകിവരുന്നത്.
ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ മരം കയറ്റിയാൽ 5000 രൂപ മാത്രമാണ് ചെലവ് വരുന്നുള്ളൂ. എന്നാൽ, പ്രായപരിധി കഴിഞ്ഞവരും നിയമാനുസൃതം തൊഴിൽ കാർഡില്ലാത്തവരും സംഘടിച്ചുവന്ന് 15,000 മുതൽ 28,000 രൂപവരെ നോക്കുകൂലി വാങ്ങുന്ന പ്രവണത ജില്ലയിൽ കൂടിവരുന്നുണ്ട്. വാക്കുതർക്കവും പതിവാണ്. ചിലർ അക്രമ സ്വഭാവം പ്രകടമാക്കുമ്പോൾ വ്യാപാരിത്തുക നൽകാൻ നിർബന്ധിതനാവുകയാണ്. മരവ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരപ്പന്തൽ കെട്ടുമെന്നും ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും സമരക്കാർ പ്രഖ്യാപിച്ചിരുന്നു.
മരം കയറ്റിപ്പോകാത്തതിനാൽ വ്യാപാരിയെ പോലെ കർഷകരും നഷ്ടം സഹിക്കേണ്ടിവരുന്നു. വീണ്ടും കൂലിവർധന ആവശ്യപ്പെടുന്നത് പിടിച്ചുപറിക്ക് തുല്യമാണ്. വിഹിതം പറ്റുന്ന ചില പ്രാദേശിക നേതാക്കളുടെ പിൻബലവും ഇവർക്കുണ്ട്. മുറികൂലി, കടത്തുകൂലി, ലോറിവാടക, ജി.എസ്.ടി എന്നിവകൂടി കഴിച്ചാൽ കർഷകനും വ്യാപാരിക്കും എന്ത് ലഭിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചെറുകിട വ്യാപാരികൾ പലരും നഷ്ടം സഹിക്കാൻ കഴിയാതെ ഈ രംഗത്തുനിന്ന് പിന്മാറി.
മരവ്യവസായ സ്ഥാപനങ്ങളും ഈർച്ചമില്ലുകളും പലതും അടച്ചുപൂട്ടി. മുറിച്ചിട്ട റബർ, കട്ടൻസ് പടുമരങ്ങൾ എന്നിവ ഉണങ്ങിയും ചൂടേറ്റ് വിള്ളൽ സംഭവിച്ചും സമരം കാരണം വിൽപനക്ക് പറ്റാതായതോടെ ചെറുകിട വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കർഷകർക്ക് ബാക്കി തുക നൽകാനും കഴിയാത്ത അവസ്ഥയായി. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും അടുത്ത ദിവസം ഹൈകോടതിയെ സമീപിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.
കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ഇ. കാസിം ഹാജി, ജില്ല പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ, സെക്രട്ടറി കെ.സി.കെ. തങ്ങൾ, ട്രഷറർ വി.ജെ. ജോസ്, കോഓഡിനേറ്റർ ജാബിർ കരണി, വൈസ് പ്രസിഡന്റ് കെ.പി. ബെന്നി, ഓഡിറ്റ് അംഗം കെ.എ. ഹനീഫ, അക്കൗണ്ടന്റ് പി. ശാഹുൽ ഹമീദ്, സോമിൽ ഓണേഴ്സ് ജില്ല പ്രസിഡന്റ് ഉമ്മർ ഹാജി, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡന്റ് ജിനൽ കൽപറ്റ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.