സ്വകാര്യഭൂമിയിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ നഗരസഭക്ക് ബാധ്യതയില്ല -മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: പൊതു ആവശ്യങ്ങൾക്കായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ ബാധ്യതയുള്ള നഗരസഭ സ്വകാര്യസ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമീഷൻ.
കൽപറ്റ നഗരസഭ സെക്രട്ടറിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. തന്റെ വീടിന് ഭീഷണിയാകുന്ന തരത്തിൽ മണ്ണിടിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കൽപറ്റ ഗിരിനഗർ സ്വദേശി എ. ശശിധരൻ സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
പ്രവൃത്തി നടത്തുന്നതിന് 2021ൽ 18.31ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ തയാറാക്കിയിരുന്നു. തുടർന്ന് ജില്ല കലക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി. എന്നാൽ, തുക അനുവദിക്കാൻ കലക്ടർ വിസമ്മതിച്ചു. തുടർന്ന് ഇക്കാര്യത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാൻ സർക്കാറിന് അപേക്ഷ നൽകിയതായി നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു.
സ്വകാര്യ വ്യക്തി നഗരസഭക്ക് അംഗൻവാടി നിർമിക്കാൻ വിട്ടുകൊടുത്ത സ്ഥലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. എന്നാൽ, സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലില്ലെന്ന് സെക്രട്ടറി അറിയിച്ചു. അംഗൻവാടി നിർമിക്കുകയാണെങ്കിൽ സ്ഥലത്തിന്റെ വിലയേക്കാൾ കൂടുതൽ സംരക്ഷണ ഭിത്തി നിർമിക്കാൻ ചെലവാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ല കലക്ടറുടെ പ്രതിനിധിയും നഗരസഭ സെക്രട്ടറിയും കമീഷൻ സിറ്റിങ്ങിൽ ഹാജരായി. സ്വകാര്യവ്യക്തിയുടെ സ്ഥലം സംരക്ഷിക്കാൻ നഗരസഭക്ക് ബാധ്യതയില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.