ഇന്ന് കര്‍ഷക ദിനം; കർഷകർക്കിത് കണ്ണീർകാലം
text_fieldsകൽപറ്റ: ഇന്ന് ചിങ്ങം ഒന്ന്, കർഷക ദിനം. കാർഷിക രംഗത്ത് നിലമൊരുക്കലും ആഘോഷവും സന്തോഷവുമൊക്കെ നിറഞ്ഞാടേണ്ട സമയം. കൃഷി ഉപജീവനമായി തിരഞ്ഞെടുത്ത വയനാട്ടുകാർക്ക് പക്ഷേ ഈ വർഷവും കർഷകദിനം കണ്ണീർകാലമായി മാറിയിരിക്കുകയാണ്.
വരുമാനത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്യവും വര്‍ധിച്ച ചെലവും വിളകളുടെ രോഗങ്ങളുമെല്ലാം കർഷകരുടെ മേൽ തകർത്താടിക്കൊണ്ടിരിക്കുന്നു. ആവശ്യമായ മഴയില്ലാത്തതുകാരണം ഇത്തവണ കൃഷിക്കാവശ്യമായ നിലമൊരുക്കൽ പോലും പലയിടത്തും നടന്നിട്ടില്ല.
ഇതിനെല്ലാം അപ്പുറത്ത് കാർഷിക തകർച്ചയിൽ പ്രതിസന്ധിയിലായതിനെതുടർന്ന് വായ്പ തിരിച്ചടക്കാൻ കഴിയാത്ത നിരവധി കർഷകരുടെ സ്ഥലവും വീടും ജപ്തി ചെയ്യാനൊരുങ്ങുകയാണ് ബാങ്കുകൾ. വായ്പ കുടിശ്ശികയായ അനേകം കര്‍ഷക കുടുംബങ്ങളാണ് ജില്ലയില്‍ ജപ്തി, സര്‍ഫാസി നടപടികള്‍ നേരിടുന്നത്.
പുല്പള്ളി മേഖലയില്‍ നിരവധി കര്‍ഷകരുടെ ഭൂമിയും വീടും ലേലം ചെയ്യാനിരിക്കുകയാണ്. ഇതിനുള്ള നടപടികളുമായാണ് ബാങ്കുകൾ മുന്നോട്ടുപോകുന്നത്. മഴ മാറിനില്‍ക്കുന്നതാണ് കര്‍ക്കടകത്തിന്റെ അവസാന ദിനങ്ങളില്‍ കണ്ടത്. ഇതേ അവസ്ഥ ചിങ്ങത്തിന്റെ ആദ്യ പകുതിയിലും തുടരുമെന്നാണ് സൂചന.
മഴക്കുറവ് കൃഷികളെ ബാധിക്കുകയാണ്. മണ്ണില്‍ ആവശ്യത്തിനു നനവില്ലാത്തതിനാല്‍ കാപ്പിയും കുരുമുളകും ഉൾപ്പെടെ കൃഷിയിടങ്ങളില്‍ വളപ്രയോഗം നടത്താന്‍ കഴിയുന്നില്ല. പാടങ്ങളില്‍ മൂപ്പെത്തിയ ഞാറ് പറിച്ചുനടാന്‍ കഴിയാത്ത സ്ഥിതിയാണ്. ജലസേചന സൗകര്യമില്ലാത്ത ഇടങ്ങളില്‍ വയല്‍ ഒരുക്കി നാട്ടിപ്പണി നടത്താനാകുന്നില്ല. പാടം തരിശ്ശിടേണ്ടിവരുമെന്ന ആശങ്കയിലാണ് നൂറുകണക്കിനു കര്‍ഷകര്‍.
മഴ കിട്ടാതായതോടെ നെൽകർഷകരടക്കം പ്രതിസന്ധിയിലായി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 13വരെ 54 ശതമാനം മഴയുടെ കുറവാണ് ജില്ലയിൽ ഉണ്ടായത്. ഈ കാലയളവിൽ 894.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കാര്‍ഷിക സമൃദ്ധിക്കു പേരുകേട്ട വയനാട് രണ്ടുപതിറ്റാണ്ടുമുമ്പാണ് കര്‍ഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധമായത്. അതേ അവസ്ഥയുടെ വക്കിലാണ് ഇപ്പോൾ ജില്ലയെന്നാണ് കർഷക സംഘടനകൾ പറയുന്നത്. കര്‍ഷകരെ കടത്തില്‍നിന്നു മോചിപ്പിക്കാനും കൃഷി ആദായകരമാക്കുന്നതിനും പദ്ധതികള്‍ യുദ്ധകലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഞാറ് പറിച്ചുനടാന്‍ കഴിയാതെ കര്‍ഷകര്‍
കുപ്പാടിത്തറ: കുപ്പാടിത്തറ വില്ലേജില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനെ തുടർന്ന് ഞാറ് പറിച്ചുനടാന്‍ കഴിയാതെ കര്‍ഷകര്‍. പടിഞ്ഞാറത്തറ പ്രദേശത്ത് ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് കുപ്പാടിത്തറ. സ്വാശ്രയസംഘങ്ങളും കുടുംബശ്രീയുമെല്ലാം മുൻകൈയെടുത്ത് ഭൂമി പാട്ടത്തിനെടുത്ത് പറിച്ചുനടീല്‍ ഒഴികെയുള്ള പണികള്‍ പൂർത്തിയായിരുന്നു. എന്നാൽ, വെള്ളമില്ലാത്തതിനാല്‍ പറിച്ചുനടീല്‍ നടത്താൻ കഴിയാത്ത അവസ്ഥയാണ്. വയലുകളെല്ലാം വെള്ളമില്ലാത്തത് കാരണം വരണ്ടുണങ്ങുകയുമാണ്. മൂപ്പെത്തിയ ഞാറ് സമയത്തിനു പറിച്ചുനടാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരിക.
അവാർഡുകൾ വാരിക്കൂട്ടി ജില്ല
കൽപറ്റ: ജില്ലയിൽ കാർഷിക രംഗം അപ്പാടെ ദുരിതത്തിലാവുമ്പോഴും ഈ രംഗത്ത് കഴിവു തെളിയിച്ച് അവാർഡുകൾ വാങ്ങിക്കുന്നവരുടെ എണ്ണം ധാരാളം. കാർഷിക രംഗവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകളാണ് അടുത്തകാലത്തായി ജില്ലയെ തേടിയെത്തിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ നല്കി ആദരിച്ച ചെറുവയല്രാമന് കമ്മന സ്വദേശിയാണ്. സംസ്ഥാന കര്‍ഷകോത്തമ അവാർഡ് (കെ.എ. റോയിമോന്, ശശിമല, പുല്പള്ളി), ക്ഷോണി അവാർഡ് (പി.എം. തോമസ്, സീതാമൗണ്ട്, പുല്പള്ളി) എന്നിവ ഇക്കുറി ജില്ലക്കാണ് ലഭിച്ചത്.
പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള സംസ്ഥാന പുരസ്കാരം കാട്ടിക്കുളം ബേഗൂരിലെ ഇരുമ്പുപാലം ആദിവാസി ഊരിലെ നൂറാങ്കിനാണ് ലഭിച്ചത്. മികച്ച രണ്ടാമത്തെ കൃഷി ഓഫിസര്‍ക്കുള്ള അവാര്‍ഡ് തൊണ്ടാര്‍നാട് കൃഷി ഓഫിസര്‍ പി.കെ. മുഹമ്മദ് ഷെഫീഖാണ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്ററായി മാനന്തവാടി ചുരുളിയെ തിരഞ്ഞെടുത്തു. സുല്‍ത്താന്‍ബത്തേരി ചുങ്കം തയ്യില്‍ പ്രസീദ്കുമാര്‍, നെന്മേനി കല്ലിങ്കര എം. സുനില്‍കുമാര്‍ എന്നിവര്‍ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആന്‍ഡ് ഫാര്‍മേഴ്സ് അതോറിറ്റിയുടെ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്കാരത്തിനും അര്‍ഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.