ഇന്ന് ലോക ക്ഷയരോഗ ദിനം; ജില്ലയിൽ രോഗികളുടെ എണ്ണം കുറയുന്നു
text_fieldsകൽപറ്റ: 'ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവന്‍ സംരക്ഷിക്കാം' എന്ന സന്ദേശവുമായി മാർച്ച് 24ന് ലോക ക്ഷയരോഗ ദിനം. ജില്ലയിൽ നിലവില്‍ 155 പേരാണ് ക്ഷയബാധിതരായി ചികിത്സയിലുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 458 ക്ഷയബാധിതരുണ്ടായിരുന്നു. ഇതില്‍ 238 പേര്‍ രോഗമുക്തരായി. 46 പേര്‍ രോഗം ബാധിച്ചു മരിച്ചു. 2020ല്‍ 490 രോഗബാധിതരില്‍ 437 പേര്‍ രോഗമുക്തരായി. 2019ല്‍ 638 പേരില്‍ 565 പേരും രോഗമുക്തി നേടി. 2019ല്‍ 58 പേര്‍ ക്ഷയം ബാധിച്ച് മരിച്ചപ്പോള്‍ 2020 ല്‍ മരിച്ചവരുടെ എണ്ണം 36 ആയി കുറഞ്ഞിരുന്നു.
ജില്ലയില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ഗോത്രമേഖലകളിലാണ് രോഗവ്യാപനം കൂടുതൽ. 2019 ല്‍ 284 ഗോത്രവിഭാഗക്കാര്‍ ക്ഷയരോഗബാധിതരായപ്പോള്‍ 2020ല്‍ 240 പേരും 2021ല്‍ 218 ഗോത്രവിഭാഗക്കാരും ക്ഷയരോഗികളായി. ജില്ലയില്‍ ക്ഷയരോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പൂര്‍ണ നിർമാര്‍ജനമാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷനല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാട് സ്വര്‍ണമെഡല്‍ നേടിയിരുന്നു. 2015 നെ അപേക്ഷിച്ച് 2022ല്‍ ക്ഷയരോഗം കുറഞ്ഞോയെന്ന് പരിശോധിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സർവേയിലാണ് ജില്ല പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലതല പൊതുസമ്മേളനം വ്യാഴാഴ്ച വൈകീട്ട് 4.30 ന് മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ യു.പി സ്‌കൂളില്‍ നടക്കും. ഒ.ആര്‍. കേളു എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ എ. ഗീത, ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന എന്നിവര്‍ പങ്കെടുക്കും.
ക്ഷയരോഗ ലക്ഷണങ്ങളും മുന്‍കരുതലുകളും
ചുമ, നെഞ്ചുവേദന, ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, രാത്രി പനിയുണ്ടാവുക, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. മിക്കപ്പോഴും രോഗലക്ഷണം തുടങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് പലരും വൈദ്യസഹായം തേടുന്നത്.
അതുകൊണ്ടുതന്നെ ചികിത്സ വൈകുകയും രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുകയും ചെയ്യും. രോഗനിര്‍ണയത്തിനായി കഫം പരിശോധനയാണ് ഏറ്റവും ലളിതം. ഇതുകൂടാതെ മറ്റു ശരീരസ്രവങ്ങളും പരിശോധിക്കാം. നെഞ്ചിലെ എക്സ്റേ, സി.ടി. സ്‌കാന്‍ എന്നിവയാണ് മറ്റു പരിശോധനകള്‍. രോഗം നിര്‍ണയിച്ചാല്‍ ഏതാനും ആഴ്ചകള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം.
വായുസഞ്ചാരമുള്ള മുറികള്‍ ഉപയോഗിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യുവോ തുണിയോ മറ്റും ഉപയോഗിക്കുക, ഉപയോഗിച്ച ടിഷ്യു അലസമായി എറിയാതെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ചികിത്സ പൂര്‍ത്തീകരിക്കുക എന്നതാണ് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിൽ ഏറ്റവും പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.