കൽപറ്റ ടൗണിൽ മെയിൻ റോഡിലൂടെയുള്ള ടോറസുകളുടെ സ്വൈരവിഹാരത്തിന് തടയിടണമെന്ന ആവശ്യം ശക്തം
text_fieldsകൽപറ്റ: മേയ് ഒന്നു മുതല് ട്രാഫിക് ഉപദേശക സമിതിയുടെ നിർദേശമനുസരിച്ചുള്ള യാത്ര നിയന്ത്രണവും ഗതാഗത പരിഷ്കാരവും നടപ്പാക്കുന്നതോടെ കൽപറ്റ നഗരത്തിലെ കുരുക്കിന് പരിഹാരമാകുമെന്ന അവകാശവാദത്തിലാണ് അധികൃതർ. 14 ലക്ഷം രൂപ ചെലവഴിച്ച് കൈനാട്ടിയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നവീകരണമാണ് അണിയറയിൽ ഒരുങ്ങുന്നത്.
എന്നാൽ, നേരത്തേതന്നെ കുരുക്കിലമർന്ന മെയിൻ റോഡിൽ ഇപ്പോൾ വമ്പൻ ടോറസുകളും ടിപ്പറുകളും അധികൃതരുടെ ഒത്താശയോടെ സ്വൈരവിഹാരം നടത്തുന്നത് കാര്യങ്ങൾ അവതാളത്തിലാക്കുകയാണ്. പകൽസമയങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള മെയിൻ റോഡിലേക്കും വയനാട് ചുരം 'കൈയടക്കിയതുപോലെ' ടോറസുകളുടെ കടന്നുകയറ്റം വ്യാപകമാണ്. അമിതഭാരം കയറ്റിയെത്തുന്ന ഇവയെ നഗരത്തിരക്കിലൂടെ സഞ്ചരിക്കാൻ അനുവദിച്ചാൽ പിന്നെ എന്ത് പരിഷ്കാരം വരുത്തിയിട്ടും കാര്യമില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
വിഷുവും ഈസ്റ്ററും റമദാനും ഒന്നിച്ചുവന്ന വേളയിൽ നഗരം സ്വതവേ തിരക്കിലമർന്നിരിക്കുമ്പോഴാണ് ടോറസുകൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ടൗണിലൂടെ സഞ്ചരിക്കുന്നത്.
കാഴ്ചക്കാരായി പൊലീസ്
ബൈപാസ് തകർന്നതോടെ ഈ വാഹനങ്ങളേറെയും കൽപറ്റ നഗരത്തിലെ ഗതാഗതക്കുരുക്കിൽ 'എണ്ണയൊഴിക്കുന്നത്' ഇപ്പോൾ പതിവു കാഴ്ച മാത്രം. കൈനാട്ടി ബൈപാസ് ജങ്ഷനിലും ട്രാഫിക് ജങ്ഷനിലും പകൽ പൊലീസുകാർ ഇതൊക്കെ നിയന്ത്രിക്കാനുണ്ടാകാറുണ്ട്. എന്നാൽ, അവരിൽ പലരുടെയും മൗനാനുവാദത്തോടെയാണ് ടോറസുകൾ മിക്കതും തിരക്കേറിയ പകൽസമയങ്ങളിൽ കൽപറ്റ നഗരത്തിലൂടെ സ്വൈരവിഹാരം നടത്തുന്നത്.
ഇനി ചില പൊലീസുകാർ ചോദ്യം ചെയ്താൽതന്നെ, വണ്ടിയിൽ ടൗൺ പരിസരങ്ങളിലേക്കുള്ള ലോഡാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചാണ് ഭീമാകാരങ്ങളായ ടോറസുകളടക്കം പകൽ ടൗണിലൂടെ സഞ്ചരിക്കുന്നത്. പൊലീസുകാർ ഇല്ലെന്ന് കണ്ടാൽ ഇവർ പിന്നെ, ബൈപാസ് വഴി പോകാറേയില്ല.
സാധാരണക്കാരെ ഹെൽമറ്റ് വേട്ടയിൽ കുടുക്കാൻ സർവ സന്നാഹവുമായി രംഗത്തിറങ്ങുന്ന പൊലീസുകാർ ടോറസുകൾ നടത്തുന്ന നിയമലംഘനങ്ങൾക്ക് കേസെടുക്കുന്നത് അപൂർവമാണ്. സ്കൂൾ സമയങ്ങളിൽ സഞ്ചരിക്കരുതെന്ന് കടുത്ത നിയന്ത്രണങ്ങളുള്ളപ്പോഴും അവ സ്കൂൾ പരിസരത്തുവരെ ചീറിപ്പായുമെങ്കിലും ആരും തടയാറില്ല.
വേണം, രാത്രിയിലും നിയന്ത്രണം
പകൽസമയത്ത് ചരക്കുവാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിൽ അങ്ങനെയൊന്ന് നിലവിലില്ല. വൈകീട്ട് ആറുമണി കഴിഞ്ഞാൽ കൂറ്റൻ ടിപ്പറുകളും കണ്ടെയ്നറുകളും അടക്കമുള്ള വാഹനങ്ങൾ ഒന്നുപോലും ഗതാഗതത്തിനായി ബൈപാസിനെ ആശ്രയിക്കാറില്ല. ടൗണിലേക്കുള്ള പ്രവേശന വഴികളിൽനിന്ന് പരിശോധനക്കുള്ള പൊലീസുകാർ അപ്രത്യക്ഷരാകുന്നതോടെ പിന്നെ മെയിൻ റോഡിലൂടെ മാത്രമേ ഇവ സഞ്ചരിക്കൂ എന്ന വാശിയിലാണ്.
അർധരാത്രിയിലും തുടരുന്ന കടുത്ത ഗതാഗതക്കുരുക്കിനാണ് ഇത് വഴിയൊരുക്കുന്നത്. ലോഡിറക്കി തിരിച്ചുവരുന്ന ഇത്തരം വാഹനങ്ങൾ രാത്രിയിൽ അമിതവേഗത്തിലാണ് നഗരമധ്യത്തിലൂടെ സഞ്ചരിക്കുന്നത്. അപകടകരമായ ഈ മരണപ്പാച്ചിലിന് തടയിടാനും പരിശോധനകളൊന്നുമുണ്ടാകുന്നില്ല. പകൽസമയത്തെ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം നിയന്ത്രണം രാത്രിയിലേക്കുകൂടി നീട്ടണമെന്നുമാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.
മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്ക് പോകുന്ന വലിയ ടൂറിസ്റ്റ് ബസുകളും ഏതു തിരക്കിലും ടൗണിലൂടെയാണ് സഞ്ചരിക്കുന്നത്. ജങ്ഷനുകളിൽ പരിശോധനക്കുള്ള പൊലീസുകാർ ഇവ ബൈപാസ് വഴി തിരിച്ചുവിടണമെന്ന ആവശ്യവും ശക്തമാണ്.
അടുത്ത 'ലക്ഷ്യം' മെയിൻ റോഡ്
നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിലൂടെ ട്രാഫിക് ജങ്ഷനിൽനിന്ന് രണ്ടര കിലോമീറ്റർ പിന്നിട്ട് കൈനാട്ടിയിലെത്തുന്നത് സാഹസമാണ്. പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ കാഴ്ചകളൊരുക്കിയ ബൈപാസ് റോഡിലൂടെ പോകാനാണ് ജില്ലയിലെത്തുന്ന സഞ്ചാരികളും മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുമൊക്കെ മുമ്പ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ, അവരാരും ഇപ്പോൾ ഈ വഴി തിരഞ്ഞെടുക്കാറില്ല.
പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ ബൈപാസ് റോഡിന്റെ സ്ഥിതി അതിദയനീയമാണിപ്പോൾ. തകർന്ന് കാലങ്ങളായിട്ടും ബൈപാസ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനാൽ വാഹനങ്ങളെല്ലാം മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നത് കുരുക്ക് മുറുക്കുകയാണ്. സഞ്ചാരികളും നാട്ടുകാരും മാത്രമല്ല, ബൈപാസ് റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടിയ കൂറ്റൻ ടിപ്പറുകളും ടോറസുകളും വരെ ഇപ്പോൾ മെയിൻ റോഡിലൂടെ സഞ്ചരിക്കാനാണ് താൽപര്യപ്പെടുന്നത്.
നിയമവിധേയമായതിനേക്കാൾ എത്രയോ അധികം ഭാരവുമായി ചുരം കയറിയെത്തുന്ന ടോറസുകളുടെ നിരന്തര സഞ്ചാരമാണ് ബൈപാസ് റോഡ് ഇത്ര ദയനീയമായ രീതിയിൽ പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിലവിൽ തകരാറൊന്നുമില്ലാത്ത മെയിൻ റോഡിന്റെ തകർച്ചക്കായിരിക്കും ഇനി വഴിയൊരുങ്ങുകയെന്നും ആളുകൾ ആശങ്കപ്പെടുന്നു. ഇവയുടെ സഞ്ചാരസമയമോ അമിത ഭാരമോ നിയന്ത്രിക്കാൻ ഉന്നതതല അധികൃതർക്കൊന്നും 'ധൈര്യമില്ലാത്ത' സാഹചര്യത്തിൽ ചുരം റോഡ് ഉൾപ്പെടെ പ്രധാന റോഡുകളൊക്കെ തകർച്ചഭീഷണിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.