കൽപറ്റയിലെ പഴയ ടൗൺഹാൾ ഇനി ഓർമ
text_fieldsകൽപറ്റ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നഗരസഭ ടൗൺഹാൾ നിർമാണം ട്രാക്കിലാകുന്നു. പുതിയ ടൗൺഹാൾ കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി കാടുമൂടിക്കിടക്കുന്ന പഴയ നഗരസഭ ടൗൺഹാൾ പൊളിച്ചുനീക്കി തുടങ്ങി.
കൽപറ്റ പിണങ്ങോട് റോഡിന് സമീപമായുള്ള പഴയ ടൗൺഹാൾ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തിയാണ് ശനിയാഴ്ച മുതൽ ആരംഭിച്ചത്. കാലങ്ങൾ പഴക്കമുള്ള കൽപറ്റയിലെ പഴയ ടൗൺഹാൾ കെട്ടിടം ഇനി ഓർമയാകും. പൊളിച്ചുമാറ്റുന്ന ടൗൺഹാളിന്‍റെ സ്ഥാനത്ത് രണ്ടു നിലകളിലായുള്ള അത്യാധുനിക ടൗൺഹാളാണ് നഗരസഭ നിർമിക്കുന്നത്.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിച്ചതെന്നും സോളിങ് പരിശോധന കൂടി പൂർത്തിയാകേണ്ടതുണ്ടെന്നും നഗരസഭ ചെയർമാൻ കേയെംതൊടി മുജീബ് പറഞ്ഞു.
സോളിങ് പരിശോധന കൂടി പൂർത്തിയായാൽ ഉടൻ തന്നെ നേരത്തെ കൗൺസിലിൽ തീരുമാനിച്ച പ്രകാരം അഞ്ചു കോടിയുടെ വായ്പയെടുത്ത് ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറും. തുടർന്ന് പുതിയ രണ്ടുനില കെട്ടിടത്തിന്‍റെ നിർമാണം വേഗത്തിൽ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹന പാർക്കിങ്ങിനു പ്രത്യേക സൗകര്യമുൾപ്പെടെയുള്ള പുതുതായി നിർമിക്കുന്ന ടൗൺഹാളിൽ കുറഞ്ഞതു 500 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും ശുചിമുറികളും ഉണ്ടാകും.
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ വിവാഹ പരിപാടികളും മറ്റു ചടങ്ങുകളും നടത്താൻ കഴിഞ്ഞിരുന്ന കൽപറ്റ ടൗൺഹാളിന് ഏറെക്കാലത്തെ പഴക്കമുണ്ട്. 42 വർഷം മുമ്പാണ് ടൗൺഹാൾ നിർമിച്ചത്. രണ്ടര വർഷം മുമ്പാണ് ടൗൺഹാൾ പുതുക്കിപ്പണിയുന്നതിനായി അടച്ചിട്ടത്.
കാലപ്പഴക്കം ചെന്നതോടെ കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് ടൗണ്‍ഹാള്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ആധുനിക സൗകര്യങ്ങളോടെ പുതിയ ടൗൺഹാൾ നിർമിക്കുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ നീണ്ടുപോയി. നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി വിദഗ്ധ സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. ടൗൺഹാൾ പുനർനിർമിക്കുന്നതിന്‍റെ ഭാഗമായി അടച്ചിട്ടതോടെ കാടുമൂടിയ അവസ്ഥയിലായത് പ്രതിഷേധത്തിനും ഇടയാക്കി.
ഹാളിനു പൂട്ടുവീണതോടെ വൻ വാടക നൽകി സ്വകാര്യ ഹാളുകളും ഹോട്ടലുകളിലെ കോൺഫറൻസ് ഹാളുകളും തേടിപ്പോകേണ്ട അവസ്ഥയായി. ചെറിയ തുക മുടക്കിയിരുന്നവർ ചെറിയ പരിപാടിക്ക് പോലും വലിയ തുക മുടക്കേണ്ടതായി വന്നു. ഇതോടെ പുതിയ ടൗൺഹാൾ നിർമിക്കുന്നത് വരെ പഴയ ടൗൺഹാൾ നവീകരിച്ച് ഉപയോഗിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
ഇതിന് പിന്നാലെയാണിപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ പ്രവൃത്തി ആരംഭിച്ചത്. പുതിയ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.