ടൗൺഷിപ് പദ്ധതി; ആനുകൂല്യങ്ങൾ കിട്ടാതെ പിന്നോട്ടില്ലെന്ന് തൊഴിലാളികൾ
text_fieldsഎൽസ്റ്റൺ എസ്റ്റേറ്റിന്റെ ചപ്പുപുരയിൽ ചേർന്ന സംയുക്ത തൊഴിലാളി യൂനിയൻ സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്ത അതിജീവിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് പണിയുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് തങ്ങളുടെ ആനുകൂല്യങ്ങൾ കിട്ടാതെ ഒഴിയില്ലെന്ന് സംയുക്തസമര സമിതി. പുനരധിവാസത്തിനായി എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപിന് 27ന് തറക്കല്ലിടാൻ പോകുകയാണ്.
എന്നാൽ, എസ്റ്റേറ്റിലെ 160 തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ പൂർണമായി നൽകാതെ ഭൂമി ഒഴിഞ്ഞു കൊടുക്കില്ലെന്ന് എസ്റ്റേറ്റ് ചപ്പുപുരയിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിൽ സംയുക്ത തൊഴിലാളി യൂനിയൻ തീരുമാനിച്ചു. നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പി.എഫ് കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റിവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയ ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങി മുഴുവൻ കുടിശ്ശികയും തൊഴിലാളികൾക്ക് പൂർണമായി നൽകേണ്ടതുണ്ട്.
ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുക്കുന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് പുൽപാറ ഡിവിഷൻ
വർഷങ്ങളായി എൽസ്റ്റൺ എസ്റ്റേറ്റിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന 160 തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചാവണം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കേണ്ടത്. ഈ വിഷയങ്ങളുന്നയിച്ച് ലേബർ കമീഷണർ, ജില്ല കലക്ടർ, ലേബർ ഓഫിസർമാർ എന്നിവർക്കെല്ലാം സംയുക്ത തൊഴിലാളി യൂനിയൻ കത്ത് നൽകിയെങ്കിലും ഇതുവരെ ഒരു ചർച്ചക്കു പോലും തയാറായിട്ടില്ല.
ഭൂമി ഏറ്റെടുക്കുമ്പോൾ വഴിയാധാരമാകുന്ന 160 തൊഴിലാളികളുടെ വിഷയങ്ങളിൽ ലേബർ ഡിപ്പാർട്ട്മെന്റോ ജില്ല ഭരണകൂടമോ ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.
ആദ്യപടിയായി മാർച്ച് 22ന് വയനാട് ജില്ല കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. പി. ജയകൃഷ്ണൻ അധ്യക്ഷനായി. യു. കരുണൻ, ബി. സുരേഷ് ബാബു, എൻ. വേണുഗോപാൽ, കെ.ടി. ബാലകൃഷ്ണൻ, കെ. സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കെ. ദേവദാസ് സ്വാഗതവും കെ. തങ്കരാജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.