ചുരത്തിലെ ഗതാഗത തടസ്സം: പരിഹാരനിർദേശങ്ങൾ നടപ്പായില്ല
text_fieldsകൽപറ്റ: വയനാട് ചുരത്തിൽ ദിനംപ്രതി ഗതാഗതക്കുരുക്ക് വർധിക്കുമ്പോഴും അവ പരിഹരിക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാതെ അധികൃതർ കണ്ണടക്കുന്നതിൽ പ്രതിഷേധം വ്യാപകമാവുന്നു. ജില്ലയിലേക്കുള്ള പ്രധാന കവാടമായ ചുരത്തിന്റെ നിയന്ത്രണം വയനാട് റവന്യൂ, പൊലീസ് അധികൃതർക്കില്ലെന്നത് പ്രതിസന്ധിയാണ്.
അതേസമയം, ജില്ല ഭരണകൂടത്തിന് നടപ്പാക്കാവുന്ന കാര്യങ്ങൾപോലും ഇതുവരെ പ്രാവർത്തികമാക്കാത്തതിലാണ് പ്രതിഷേധമുയരുന്നത്. ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്-വയനാട് അഡീഷനൽ ജില്ല മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജനുവരി 18ന് ഓൺലൈനായി ചേർന്ന യോഗത്തിലെ നിർദേശങ്ങളാണ് ഒരു മാസത്തിന് ശേഷവും നടപ്പാവാത്തത്.
ജില്ലയിൽ പൊലീസ് വകുപ്പ് നടപ്പാക്കേണ്ട നിർദേശങ്ങൾ പാലിക്കുന്നതിനായി കൽപറ്റ അസി. പൊലീസ് സൂപ്രണ്ടിനെ ജില്ല പൊലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ജില്ല ഭരണകൂടം ഇതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുകയാണ്.
ചുരത്തിന്റെ നിയന്ത്രണം ജില്ലക്ക് ലഭിക്കാൻ രാഷ്ട്രീയ നേതൃത്വം മുൻകൈയെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജില്ലയിലേക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ പൂർണമായും വരുന്നത് കോഴിക്കോട്-മുക്കം ഭാഗത്തുനിന്നാണ്. ചുരത്തിലെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം ഇങ്ങനെ ചരക്ക് കൊണ്ടുവരുന്ന ടിപ്പർ ലോറികളാണ്.
ഇത് പരിഹരിക്കുന്നതിന് ജില്ലയിൽ പരിസ്ഥിതിപ്രശ്നമില്ലാത്ത സ്ഥലങ്ങളിൽ ക്വാറികൾ അനുവദിക്കാൻ നടപടിയുണ്ടാവണമെന്ന വാദവും ഉയരുന്നുണ്ട്. ചുരംകയറി വരുന്നത് ആയതിനാൽ നിർമാണ സാമഗ്രികൾക്ക് കൂടിയ വില വയനാട്ടുകാർ നൽകേണ്ടിവരുന്നുണ്ട്. ചുരത്തിന് താഴെ അടിവാരത്ത് 3000 രൂപക്ക് ലഭിക്കുന്ന കല്ല് വയനാട്ടിലെത്തുമ്പോൾ 7000-8000 രൂപ വരെയായി മാറുന്നു. ജില്ലയിലെ ക്വാറികൾ തുറന്നുപ്രവർത്തനം ആരംഭിച്ചാൽ ഇതിന് മാറ്റമുണ്ടാകുമെന്നും ഈ ആവശ്യമുന്നയിക്കുന്നവർ പറയുന്നു.
യോഗത്തിലെ പ്രധാന നിർദേശങ്ങൾ
• വയനാട് ഭാഗത്തുനിന്നു വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചക്ക് ശേഷം മൂന്നു മുതൽ ഒമ്പതു വരെയും തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും നിയന്ത്രണം ഏർപ്പെടുത്തുക
• ജില്ലയിലേക്ക് മെറ്റൽ, മണൽ മുതലായ നിർമാണ സാമഗ്രികളുമായി താമരശ്ശേരി, മുക്കം പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ചുരത്തിലേക്കുള്ള പ്രവേശനം താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ നിയന്ത്രിക്കുക
• ആർ.ആർ.ടി ടീം രൂപവത്കരിക്കുക
• വയനാട് ചുരം പൂർണമായും താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ചുരം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും വയർലസ് സന്ദേശം നൽകി ഗതാഗതം നിയന്ത്രിക്കുന്നതിന് താമരശ്ശേരി പൊലീസ് സ്റ്റേഷൻ മുഖേന നടപടിയെടുക്കുക
• ഗതാഗത തടസ്സമുണ്ടായാൽ ചുരത്തിലേക്ക് വാഹനങ്ങൾ കടത്തിവിടാതെ ഗതാഗതം നിയന്ത്രിക്കുന്നതിന് വൈത്തിരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് നിർദേശം നൽകും
• ചുരം റോഡിലെ അനധികൃത കടകൾ നീക്കം ചെയ്യുന്നതിന് കോഴിക്കോട് ദേശീയപാത അതോറിറ്റിയെ സഹായിക്കാൻ താമരശ്ശേരി പൊലീസിനെ ചുമതലപ്പെടുത്തുക
• ചുരത്തിലെ രണ്ട് പ്രവേശന കവാടങ്ങളിലും ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.