ട്രാഫിക് സിഗ്നൽ മിഴിതുറന്നപ്പോൾ കൈനാട്ടിയിൽ കുരുക്കേറിയോ?
text_fieldsകൽപറ്റ: കൈനാട്ടി ജങ്ഷനിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും മുമ്പത്തേക്കാൾ ഗതാഗതക്കുരുക്ക് രൂക്ഷമായോ എന്ന സംശയത്തിലാണ് യാത്രക്കാർ.
ജങ്ഷനിലെ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായ ശേഷം കുരുക്കിന് ആശ്വാസമായിരുന്നു. എന്നാൽ, സിഗ്നൽ പ്രവർത്തനം ആരംഭിച്ചതോടെ മൂന്നുഭാഗങ്ങളിലും ഗതാഗത തിരക്ക് വർധിച്ചതായാണ് യാത്രക്കാരുടെ അനുഭവം. ട്രാഫിക് സിഗ്നൽ പ്രവർത്തനം ആരംഭിച്ചതോടെ മാനന്തവാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ മുമ്പുണ്ടായിരുന്നതിനേക്കാൾ എളുപ്പമായിട്ടുണ്ട്.
നേരത്തെ, പ്രധാന പാതയിലൂടെ അമിതവേഗതയിൽ വാഹനങ്ങൾ നീങ്ങികൊണ്ടിരുന്നത് മാനന്തവാടി ഭാഗത്തുനിന്നുള്ള വാഹനങ്ങളെ വലച്ചിരുന്നു. ട്രാഫിക് സിഗ്നൽ വന്നെങ്കിലും കൽപറ്റ ഭാഗത്തേക്കുള്ള ബസുകൾ ജങ്ഷനിൽ നിർത്തുന്നത് ഇപ്പോഴും തുടരുകയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കൈനാട്ടിയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. അതിനാൽ, കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് സിഗ്നൽ ശ്രദ്ധിക്കാതെ യാത്രക്കാർ കയറിവന്നത് അപകടഭീഷണിയായി.
സിഗ്നൽ ശ്രദ്ധിക്കാതെ പോകുന്നവരെ പിടികൂടാനും നിരീക്ഷണം കർശനമാക്കാനും തിരക്കേറിയ സമയങ്ങളിൽ ഇവിടെ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമായതിനാൽ തന്നെ മൂന്നു ഭാഗങ്ങളിലും വാഹനങ്ങൾ കുറച്ചധികം നേരം നിർത്തിയിടേണ്ട സാഹചര്യമുണ്ട്. ഇപ്പോൾ ഓരോ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ സിഗ്നൽ ജങ്ഷനിൽ നിർത്തിയിടേണ്ട സമയം കുറച്ചാൽ ഗതാഗതം സുഗമമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ബസുകൾ ജങ്ഷനിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ബൈപാസ് റോഡ് നവീകരിക്കാത്തതിനാൽ ബൈപാസ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പലപ്പോഴും കൈനാട്ടി വരെ നീളുന്നു. ഇതും കൈനാട്ടിയിലെ തിരക്ക് വർധിപ്പിക്കുന്നു.
ബൈപാസ് റോഡ് നവീകരണം പൂർത്തിയായാൽ മാത്രമേ സിഗ്നൽ പ്രവർത്തിച്ചുതുടങ്ങിയതിന്‍റെ ഗുണം പൂർണമായി ലഭിക്കുകയുള്ളു. സിഗ്നൽ വന്നതോടെ അൽപം ബ്ലോക്ക് ഉണ്ടെങ്കിലും ധൈര്യമായി വാഹനമോടിച്ച് പോകാനാകുന്നുണ്ടെന്നും പുതിയ സംവിധാനമായതിനാൽ ശീലമാകുന്നതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന അഭിപ്രായമുള്ള യാത്രക്കാരുമുണ്ട്. ജില്ലയിൽ നിലവിൽ കൽപറ്റ കൈനാട്ടിയിൽ മാത്രമേ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.