റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം; മന്ത്രിയുടെ ഉത്തരവിനും വിലയില്ല
text_fieldsകൽപറ്റ: മൂന്നു വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്ന മാനന്തവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിനെ സ്ഥലം മാറ്റണമെന്ന റവന്യൂ മന്ത്രിയുടെ ഉത്തരവ് മാസങ്ങളായിട്ടും നടപ്പിലായില്ല. ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റാത്തതിനെതിരെസ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ ആഗസ്റ്റ് മൂന്നിനാണ് അടിയന്തരമായി സ്ഥലം മാറ്റി നിയമിക്കുന്നതിന് ജില്ല കലക്ടർക്ക് മന്ത്രി നിർദേശം നൽകിയത്. തുടർന്ന് ജില്ല െഡപ്യൂട്ടി കലക്ടർ ഇതു സംബന്ധിച്ച് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
റവന്യൂ വകുപ്പിൽ 2023ലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മെയ് 24ന് ലാൻഡ് റവന്യൂ കമീഷണർ ഇറക്കിയ ഉത്തരവിൽ മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്നവരെ സ്ഥലം മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ, ജില്ലയിൽ സർക്കാർ ഉത്തരവുകൾക്കും സ്ഥലം മാറ്റ ചട്ടങ്ങൾക്കും വിരുദ്ധമായി വിവിധ ഓഫിസുകളിൽ നിരവധി ജീവനക്കാർ തുടരുന്നതു സംബന്ധിച്ച് മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ മാനന്തവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിനെ മാനദണ്ഡവിരുദ്ധമായി ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുകയായിരുന്നവെന്നാണ് ആരോപണം. ഇതിനെതിരെ കഴിഞ്ഞ ആഗസ്റ്റ് ആദ്യം നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തിൽ ഒരു മാസം മുമ്പ് ജില്ല െഡപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയെങ്കിലും സ്ഥലം മാറ്റത്തിൽ നടപടി ഉണ്ടായില്ല.
ജൂലൈ 10ലെ ജില്ല െഡപ്യൂട്ടി കലക്ടറുടെ ഉത്തരവ് പ്രകാരം ഇവരെ മാനന്തവാടി താലൂക്ക് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടൽ നടത്തി മാനന്തവാടി സബ് കലക്ടറുടെ നിർദേശ പ്രകാരം വീണ്ടും സബ് കലക്ടർ ഓഫിസിൽ എത്തുകയായിരുന്നു എന്നാണ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സെപ്റ്റംബറിൽ ലാൻഡ് റവന്യൂ കമീഷണർ ഇതുസംബന്ധിച്ച് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ല െഡപ്യൂട്ടി കലക്ടർ സെപ്റ്റംബർ 29ന് ഇറക്കിയ ഉത്തരവിൽ സബ്കലക്ടർ ഓഫിസിൽ തുടരാനുള്ള ജോലി ക്രമീകരണം റദ്ദ് ചെയ്ത് ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ, ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ നടപടി ഉണ്ടായിട്ടില്ല. കലക്ടറേറ്റിലും വൈത്തിരി താലൂക്കിലും കണിയാമ്പറ്റ വില്ലേജിലുമടക്കം ഇത്തരത്തിൽ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ഇപ്പോഴും ജീവനക്കാർ ജോലിയിൽ തുടരുന്നതായി ആരോപണമുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് പലരും വർഷങ്ങളായി ഒരേ ഓഫിസിൽ തുടരുന്നത്. ലാൻഡ് റവന്യൂ കമീഷണർ പുറപ്പെടുവിച്ച സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലുള്ളവരെ സ്ഥലം മാറ്റി നിയമിച്ചതെന്നതു സംബന്ധിച്ചും മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തയെത്തുടർന്ന് ലാൻഡ് റവന്യൂ കമീഷണർക്ക് ജീവനക്കാരുടെ സംഘടനകൾ പരാതി നൽകുകയും ചെയ്തു. ക്ലർക്കുമാരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയായ എൻ.ജി.ഒ യൂനിയൻ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. കലക്ടറേറ്റിൽ പത്തു വർഷത്തിലധികമായി ഒരേ ഓഫിസിൽ മാത്രം ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. സ്ഥലംമാറ്റക്കാര്യത്തിൽ സർവിസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷവും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ ഭരണ സ്വാധീനമുള്ളവർ പ്രധാന ഓഫിസുകളിൽ തുടരുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.