ആദിവാസി വിദ്യാർഥികളുടെ സമരം ഇരുപതാം ദിവസത്തിലേക്ക്; തിരിഞ്ഞുനോക്കാതെ അധികൃതർ
text_fieldsകല്‍പറ്റ: വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടാനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അര്‍ഹരായ മുഴുവന്‍ ഗോത്രവര്‍ഗ, എസ്.സി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ആദിവാസി വിദ്യാര്‍ഥികള്‍ നടത്തുന്ന സത്യഗ്രഹസമരം ഇരുപതാം ദിവസത്തിലേക്ക്. സെപ്റ്റംബര്‍ 28ന് ആരംഭിച്ച സമരത്തെ, അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആദിവാസി ഗോത്രമഹാസഭയുടെയും മറ്റു സംഘടനകളുടെയും പിന്തുണയോടെയാണ് സമരം തുടരുന്നത്.
ഈമാസം 31ന് നിരോധനാജ്ഞ പിൻവലിക്കുന്നതോടെ കൽപറ്റ കലക്ടറേറ്റ് പരിസരത്തേക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ലെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു. 23ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനതലത്തിൽ വിവിധ സംഘടനകളുടെ അഭിമുഖ്യത്തിൽ നിൽപുസമരം സംഘടിപ്പിക്കും. ജില്ലയിൽ മൂന്നു താലൂക്കുകളിലും സമരം നടക്കും.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു മാത്രമായി പ്രത്യേക ബാച്ച് അനുവദിക്കുക, ഡിഗ്രി-പി.ജി പ്രവേശനത്തിന് എസ്.സി, എസ്.ടി സംവരണം കൃത്യമായി പാലിക്കാന്‍ പ്രോസ്പെക്ടസുകളില്‍ നടപടിക്രമം ഉണ്ടാക്കാന്‍ യൂനിവേഴ്‌സിറ്റികള്‍ക്കും സ്വയംഭരണ കോളജുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കുക, വയനാട്ടിലെ നഗരങ്ങളില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക, അഭിമുഖത്തിനും മറ്റും ജില്ല വിട്ടുപോകുന്ന കുട്ടികള്‍ക്ക് ധനസഹായവും വളൻറിയര്‍ സപ്പോര്‍ട്ടും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഐ.ടി.ഡി.പിയില്‍നിന്നുപോലും കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആദിവാസി ഗോത്രമഹാസഭയുടെ വിദ്യാർഥി കൂട്ടായ്മയായ ആദിശക്തി സമ്മർ സ്കൂൾ പ്രതിനിധികളായ ജി. ജിഷ്ണു, എം.കെ. കാവ്യ, പി.വി. രജനി എന്നിവര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉള്‍ക്കൊള്ളിച്ച് രാഹുല്‍ ഗാന്ധി എം.പിക്ക് ചൊവ്വാഴ്ച നിവേദനം നല്‍കുമെന്നും വിദ്യാർഥികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.