തുരങ്കപാത: ഡി.സി.സി പ്രസിഡന്റും എം.എൽ.എയും രണ്ടുതട്ടിൽ
text_fieldsകൽപറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ കാര്യത്തിൽ ഡി.ഡി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൂടിയായ ടി. സിദ്ദീഖ് എം.എൽ.എക്കും വെവ്വേറെ നിലപാട്. കൽപറ്റയിൽ വാർത്തസമ്മേളനത്തിനിടെയാണ് തുരങ്കപാതയുടെ കാര്യത്തിൽ എം.എൽ.എ തെൻറ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സമയത്ത് അതിന് വിഘാതം നിൽക്കില്ലെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയാണ് തുരങ്കപാതയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് രംഗത്തുവരുമെന്നും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഇക്കഴിഞ്ഞ ഡിസംബർ 31ന് വ്യക്തമാക്കിയിരുന്നു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഈ നിലപാടിന് കടകവിരുദ്ധമായാണ് ടി. സിദ്ദിഖ് എം.എൽ.എ ബുധനാഴ്ച വാർത്തസമ്മേളനത്തിൽ നിലപാടറിയിച്ചത്.
പരിസ്ഥിതി ദുർബല പ്രദേശത്തുകൂടി മലതുരന്ന് പാത നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്. പകരം ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാത പ്രാവർത്തികമാക്കിയാൽ തീരുന്നതാണ് നിലവിലെ ഗതാഗത പ്രശ്നമെന്നും എൻ.ഡി. അപ്പച്ചൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നാടിെൻറ വികസന കാര്യത്തിൽ പ്രധാനപ്പെട്ട ആവശ്യകതയാണ് തുരങ്കപാതയെന്നാണ് എം.എൽ.എയുടെ വാദം. തുരങ്കപാതയെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്.
അത് വേണമെന്ന് പറയുന്നവരും വേണ്ടെന്ന് പറയുന്നവരുമുണ്ട്. വികസന കാര്യത്തിൽ പ്രദേശവാസികളായ ജനങ്ങളുടെ കൂടെ നിന്ന് പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയിൽ വികസനം വരുക എന്നുള്ളതാണ് തെൻറ മുന്നിലെ പ്രധാന അജണ്ട. പാരിസ്ഥിതികമായി നാടിന് ദോഷമാണെന്ന് പഠനത്തിൽ തെളിഞ്ഞാൽ നിലപാട് മാറ്റുമെന്നും ടി. സിദ്ദീഖ് പറഞ്ഞു.
പരിസ്ഥിതി ലോല മേഖലയിൽ തുരങ്കപാത പ്രായോഗികമല്ലല്ലോ എന്ന ചോദ്യത്തിന് 'പ്രായോഗികത സർക്കാർ തലത്തിലാണ് പരിശോധിച്ച് നടപ്പിലാക്കേണ്ടതെന്ന് സിദ്ദീഖ് പറഞ്ഞു. പദ്ധതി വിഭാവനം ചെയ്ത് മുന്നോട്ടുകൊണ്ടുപോകുന്നത് സർക്കാറാണ്. സർക്കാർ അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തും. തുരങ്കപാത പൂർത്തീകരിക്കുന്ന സമയത്ത് അതിെൻറ കണക്ടിവിറ്റി റോഡും അനുബന്ധ പാതകളും ഏറ്റെടുക്കണമെന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന കിഫ്ബി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, തുരങ്കപാതയെ തുറന്നെതിർത്ത് ഡി.സി.സി പ്രസിഡന്റ് വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ അതേക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. 2020 ഒക്ടോബർ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി പോലും ലഭിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയത് വെറും തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അന്ന് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.