ചന്ദനമോഷണം; രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകല്പറ്റ: കലക്ടറേറ്റ് വളപ്പിൽനിന്നും വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫിനെ (47) കേണിച്ചിറ പൊലീസും കലക്ടറേറ്റ് വളപ്പിൽനിന്ന് മരം കടത്തിക്കൊണ്ടുപോയ ജീപ്പ് ഡ്രൈവര്‍ വിളമ്പുകണ്ടം ഏച്ചോം പിലാക്കല്‍ നാഷാദിനെ (36) കൽപറ്റ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ട ചന്ദന തടികൾ അഷ്റഫിെൻറ വീട്ടിൽനിന്ന് ചൊവ്വാഴ്ച രാത്രി കേണിച്ചിറ പൊലീസ് കണ്ടെടുത്തിരുന്നു.
അഞ്ച് കഷണം ചന്ദന തടികളാണ് കണ്ടെടുത്തത്. കൂടാതെ, ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. വരദൂർ കേസിൽ പ്രതികൾ പിടിക്കപ്പെട്ടതാണ് കലക്ടറേറ്റ് വളപ്പിലെ മോഷണത്തിലെ അന്വേഷണത്തിലും നിർണായകമായത്. പ്രതികളിൽനിന്ന് മരം വാങ്ങിയ കമ്പളക്കാട് സ്വദേശി ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കമ്പളക്കാട് സ്വദേശി അഷ്റഫിന് മരം മറിച്ചുവിൽക്കുകയായിരുന്നു.നിലവിൽ റിമാൻഡിൽ കഴിയുന്ന അഷ്റഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കൽപറ്റ പൊലീസ് വ്യാഴാഴ്ച അപേക്ഷ നൽകും.
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്, കണിയാമ്പറ്റ ചിത്രമൂല മോഹനന് എന്നിവരാണ് രണ്ടിടങ്ങളിലും മരങ്ങൾ മുറിച്ചത്. വരദൂർ മോഷണത്തിനു പിന്നിൽ നാലാംമൈൽ സ്വദേശിക്കു കൂടി പങ്കുള്ളതായി കേണിച്ചിറ പൊലീസ് സംശയിക്കുന്നുണ്ട്. ഇവർ പിടിയിലായാൽ മാത്രമേ, കുറ്റകൃത്യത്തിൽ എത്രപേർക്ക് പങ്കുണ്ടെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരു.
പ്രതികളെ കലക്ടറേറ്റ് വളപ്പിലെത്തിച്ച് തെളിവെടുത്തു
കൽപറ്റ: ചന്ദന മരം മുറിച്ച കേസിൽ കൽപറ്റ പൊലീസ് അറസറ്റ് ചെയ്ത പ്രതികളെ ബുധനാഴ്ച ഉച്ചക്ക് 12ഓടെ കലക്ടറേറ്റ് വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാലന്, മോഹനന് എന്നിവരെ കലക്ടറേറ്റിലെ ചന്ദനം മുറിച്ച സ്ഥലത്തും ബൈപാസിലേക്കുള്ള റോഡിലുമെത്തിച്ച് കല്പറ്റ സി.ഐ വി. പ്രമോദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുത്തു. ചന്ദനമരം കൊണ്ടുപോയ ജീപ്പ് ഡ്രൈവര്‍ നൗഷാദിനെ ബൈപാസിലേക്കുള്ള റോഡിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
ആഗസറ്റ് 14ന് രാത്രി സിവില്‍ സ്റ്റേഷന് പിറകുവശത്തെ കാടു മൂടി കിടന്നിരുന്ന സ്ഥലത്ത് കൂടിയാണ് പ്രതികള്‍ കലക്ടറേറ്റ് വളപ്പിലെത്തിയത്. പിന്നീട് ഒരാള്‍ പൊക്കത്തിലുള്ള ചന്ദനമരം യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. നാലുകിലോയോളം തൂക്കമുള്ള മരത്തടി ബൈപാസിലേക്കുള്ള റോഡിലെത്തിച്ച് കമ്പളക്കാടുള്ള വീട്ടിലേക്ക് ജീപ്പില്‍ കൊണ്ടുപോകുകയായിരുന്നു.
കലക്ടറേറ്റ് വളപ്പിൽനിന്ന് ചന്ദനം മുറിച്ചു കടത്തിയ കേസിൽ പിടിയിലായ ബാലൻ, മോഹനൻ, നൗഷാദ് എന്നിവരെ കൽപറ്റ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
ചന്ദനമരം കണ്ടത് ധനസഹായം വാങ്ങാനെത്തിയപ്പോൾ
കൽപറ്റ: അമ്മാവന് ജില്ല ഐ.ടി.ഡി.പി ഓഫിസിൽനിന്ന് പാസായ 16,000 രൂപ ധനസഹായം വാങ്ങാനായി കലക്ടറേറ്റിലെത്തിയപ്പോഴാണ് ചന്ദന മരം പ്രതികളിലൊരാളായ ബാലെൻറ ശ്രദ്ധയിൽപെടുന്നത്. നാലുമാസം മുമ്പാണിത്. തുടർന്നാണ് കലക്ടറേറ്റ് വളപ്പിൽ ഇത്തരത്തിലൊരു ചന്ദനമരം ഉണ്ടെന്നും മുറിച്ചുതന്നാൽ വിറ്റുതരണമെന്നും ആവശ്യപ്പെട്ട് ഇയാൾ കമ്പളക്കാട് സ്വദേശിയെ ബന്ധപ്പെടുന്നത്.
നിലവിൽ കേസിൽ ഒളിവിൽ കഴിയുന്ന ഇദ്ദേഹം മരം വാങ്ങാമെന്ന് ഉറപ്പുനൽകിയതോടെയാണ് മോഷണത്തിന് പദ്ധതിയിടുന്നത്. ആളുകളുടെ ശ്രദ്ധയിൽപെടാതിരിക്കാനാണ് ആഗസ്റ്റ് 14 രാത്രി മോഷണത്തിനായി തെരഞ്ഞെടുക്കുന്നതും. മോഹനനോെടാപ്പം ബാലൻ കലക്ടറേറ്റിനു പിന്നിലൂടെയാണ് മോഷണത്തിനായി എത്തുന്നത്. മുറിച്ച മരം കൊണ്ടുപോകാനായി ഈസമയം നൗഷാദ് ബൈപാസിൽ ജീപ്പുമായി കാത്തിരുന്നു. കലക്ടറേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥരെ ഈസമയം കണ്ടതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
യന്ത്രവാള്‍ ഉപയോഗിച്ചാണ് ഒരാൾപൊക്കത്തിലുള്ള മരം മുറിച്ചത്. തുടർന്ന് പിറകിലൂടെ തന്നെ മരവുമായി ഇരുവരും ബൈപാസിലെത്തി നൗഷാദിെൻറ ജീപ്പിൽ കയറ്റി കമ്പളക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. മരം വാങ്ങിയ കമ്പളക്കാട് സ്വദേശി മൂവർക്കും 3000 രൂപ വീതം നൽകി. തോൽ ചെത്തിയ തടിക്ക് നാലു കിലോയോളം തൂക്കമുണ്ട്. വിപണിയിൽ 50,000ത്തോളം രൂപ വില വരും. പിന്നാലെ കമ്പളക്കാട് സ്വദേശി പുതുശ്ശേരിക്കടവിലെ വെങ്ങാലക്കണ്ടി അഷ്റഫിന് മറിച്ചുവിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.