വയനാട് ജില്ലയിൽ രണ്ട് പ്രശ്നബാധിത ബൂത്തുകൾ
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്നബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷ നിർദേശ ബൂത്തുകളും. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ബൂത്തുകളുടെ ലിസ്റ്റ് തയാറാക്കിയത്.
പ്രത്യേക സുരക്ഷ ബൂത്തുകളിൽ സുഗമമായ പോളിങ്ങിനുള്ള സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തിൽ 50, കൽപറ്റയിൽ 28, സുൽത്താൻ ബത്തേരിയിൽ ആറു വീതമാണ് പ്രത്യേക സുരക്ഷ ബൂത്തുകൾ. പ്രശ്നബാധിത ബൂത്തുകൾ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. ഈ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഉണ്ടാകും.
ഹരിതചട്ടം പാലിക്കണം
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൽപറ്റ നഗരസഭ പരിധിയില്‍ ഹരിതചട്ടം പാലിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങള്‍, പരിപാടികള്‍ എന്നിവയിലും പോളിങ് സ്റ്റേഷനുകളിലും ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്, ഡിസ്പോസബ്ള്‍ ഗ്ലാസ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്ട്രോ, അലങ്കാര വസ്തുക്കള്‍, ഫ്ലക്സ് എന്നിവ ഉപയോഗിക്കരുത്.
കണ്ണിമ ചിമ്മാതെ വെബ് കാസ്റ്റിങ് കണ്ട്രോള് റൂം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി വെബ്കാസ്റ്റിങ് കണ്ട്രോള് റൂം. വിവിധ ചെക്ക് പോസ്റ്റുകളിലായി 22 കാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചത്. പരിശോധനകള്‍ക്കായുള്ള ഫ്ലയിങ് സ്ക്വാഡ് വാഹനങ്ങളില്‍ 15ഉം സ്റ്റാറ്റിക് സര്‍വൈലന്‍സ് വാഹനങ്ങളില്‍ 11ഉം മൂന്ന് മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ 24ഉം മൂന്ന് സ്ട്രോങ് റൂമുകളിലായി 34 കാമറകളും ഉള്‍പ്പടെ 116 കാമറകളാണ് വെബ്കാസ്റ്റിങ്ങിന്റെ ഭാഗമായി ജില്ലയില്‍ സ്ഥാപിച്ചത്. സ്ക്വാഡുകളുടെ പരിശോധന, സ്ട്രോങ് റൂം, ട്രെയിനിങ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ച് പേരടങ്ങുന്ന ടീം നിരീക്ഷിക്കും.
വെബ് കാസ്റ്റിങ്ങിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കലക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ല കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫജസറും സബ് കലക്ടറുമായ മിസല്‍ സാഗര്‍ ഭരത്, എം.സി.സി നോഡല്‍ ഓഫിസറും എ.ഡി.എം കൂടിയായ കെ. ദേവകി, തെരഞ്ഞടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ഇ. അനിതകുമാരി, ഐ.ടി മിഷന് ജില്ല പ്രോഗ്രാം മാനേജറും വെബ് കാസ്റ്റിങ് നോഡല്‍ ഓഫിസറുമായ എസ്. നിവേദ്, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫിസര്‍ സി.പി സുധീഷ്, കണ്ട്രോള് റൂം നോഡല്‍ ഓഫിസര്‍ വി.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.
ലക്ഷ്യം സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് -നിരീക്ഷകര്‍
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, അശോക് കുമാര്‍ സിങ്, കൈലാസ് പി. ഗെയ്ക് വാദ് എന്നിവര്‍ നിർദേശിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിരീക്ഷകര്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ വസ്തുവകകളില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ലെന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയോടെ മാത്രമേ പരസ്യങ്ങള്‍ പതിക്കാന്‍ പാടുള്ളൂവെന്നും നിരീക്ഷകര്‍ നിർദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന റാലി, പൊതുയോഗങ്ങള്‍ തുടങ്ങിയവക്ക് സുവിധ പോര്‍ട്ടലിലൂടെയും തുണ ആപ്പിലൂടെയും അനുമതി എടുക്കാം. ഉച്ചഭാഷിണികള്‍ രാത്രി 10നുശേഷം ഉപയോഗിക്കാന്‍ പാടില്ല. സ്റ്റാര്‍ കാമ്പയിനറുകള് പോളിങ്ങിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണരംഗത്തുനിന്ന് പിന്മാറണം.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, വസ്ത്രം തുടങ്ങിയവയോ മറ്റു സമ്മാനങ്ങളോ വിതരണം ചെയ്യാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അറിയിച്ചു.മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം. എം.സി.സി ചട്ടലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ സി വിജിൽ ആപ് മുഖേനയോ എം.സി.സി നോഡല്‍ ഓഫിസറായ എ.ഡി.എമ്മിന്റെ ടീമിനെയോ അറിയിക്കണം. സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ മാർഗനിർദേശപ്രകാരം കൃത്യമായി സൂക്ഷിക്കണമെന്നും യഥാസമയം പരിശോധനക്ക് ഹാജരാക്കണമെന്നും നിരീക്ഷകര്‍ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടേഴ്സ് ലിസ്റ്റ് സൗജന്യമായി നല്‍കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ജില്ല കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. രണ്ടാംഘട്ട റാന്ഡമൈസേഷന് ഏപ്രില്‍ 16ന് രാവിലെ 10.30ന് കലക്ടറേറ്റില്‍ നടക്കുമെന്നും ഏപ്രില്‍ 17ന് എല്ലാ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടുയന്ത്രങ്ങൾ കമീഷനീങ് നടത്തി സ്ട്രോങ് റൂമിലേക്ക് മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കുള്ള പരിശീലനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി, ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ഇ. അനിതകുമാരി, സ്ഥാനാർഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.