കൽപറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞില്ല; വയനാടൻ രാഷ്ട്രീയം തിളക്കുന്നു
text_fieldsകൽപറ്റ: രണ്ടു പട്ടികവർഗ സംവരണ മണ്ഡലങ്ങളും ഒരു ജനറൽ സീറ്റുമുള്ള വയനാടൻ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് കാറ്റ് ആഞ്ഞുവീശിത്തുടങ്ങി. കൽപറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞിട്ടില്ലെങ്കിലും അണിയറയിൽ ഒരുക്കം സജീവമാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ റോഡ് ഷോയും തെരഞ്ഞെടുപ്പ് കൺവെൻഷനും മറ്റുമായി മുന്നിൽ നിൽക്കുേമ്പാൾ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കൽപറ്റ ഒഴിച്ചിട്ടിരിക്കുകയാണ്. അടുത്ത ദിവസം യു.ഡി.എഫ് സ്ഥാനാർഥി വരുമെന്ന പ്രതീക്ഷയിലാണ് മുന്നണി പ്രവർത്തകർ. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. സുബീഷ് തിങ്കളാഴ്ച കൽപറ്റയിൽ പ്രചാരണം തുടങ്ങും.
മാനന്തവാടിയിൽ ചിത്രം വ്യക്തമായി. യു.ഡി.എഫിെൻറ പി.കെ. ജയലക്ഷ്മിയും എൽ.ഡി.എഫിെൻറ ഒ.ആർ. കേളുവും തമ്മിലാണ് പ്രധാന മത്സരം. പണിയ സമുദായത്തിൽനിന്നുള്ള എം.ബി.എ ബിരുദധാരിയായ മണിക്കുട്ടനാണ് മാനന്തവാടിയിൽ എൻ.ഡി.എ സ്ഥാനാർഥി.
സുൽത്താൻ ബത്തേരിയിൽ പ്രചാരണം പൊടിപാറുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഐ.സി. ബാലകൃഷ്ണൻ, എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ എന്നിവർ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിൽ എൻ.ഡി.എ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് സുൽത്താൻ ബത്തേരി. 2016ൽ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങൾ സ്വന്തമാക്കിയ എൽ.ഡി.എഫ് ഇത്തവണ സുൽത്താൻ ബത്തേരിയും പ്രതീക്ഷിക്കുന്നു. എന്നാൽ, ജില്ലയിൽ സുൽത്താൻ ബത്തേരി മാത്രമല്ല, കൽപറ്റയും മാനന്തവാടിയും പിടിച്ചടക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ഇക്കുറി പതിവിനു വിപരീതമായി അടിയൊഴുക്കുകൾ ശക്തമാണ്. അവസാന നിമിഷം ചില അട്ടിമറികൾക്കും സാധ്യതയേറി. കൽപറ്റയിലെ 'അന്തർധാര'യാണ് ഇപ്പോൾ ഇരുമുന്നണികളും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.