പി.എയുടേത് അപ്രതീക്ഷിത വിയോഗം: ചെങ്കൊടി പുതച്ച് മടക്കം
text_fieldsകൽപറ്റ: നേരിയ പക്ഷാഘാതത്തെ തുടർന്നാണ് സി.പി.എം നേതാവ് പി.എ. മുഹമ്മദ് ജീവിതവഴിയിൽ നിന്ന് യാത്രയായത്. ഒരു മാസം മുമ്പുണ്ടായ പക്ഷാഘാതം പക്ഷേ, അത്ര ഗുരുതരമായിരുന്നില്ല.
അതിനുശേഷവും പൊതുവേദികളിൽ അദ്ദേഹത്തിെൻറ സാന്നിധ്യമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി രോഗം മൂർഛിച്ചതിനെത്തുടർന്നാണ് വീട്ടിൽനിന്ന് വൈത്തിരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചക്ക് 11.30ഓടെയാണ് അന്ത്യം.
രണ്ടുമണി മുതൽ ആറു വരെ ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സമൂഹത്തിെൻറ നാനാ തുറകളിലുള്ള നൂറുകണക്കിന് ആളുകളാണെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പൊതുദർശനം.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി, എം.വി. ശ്രേയാംസ്കുമാർ എം.പി, അഖിലേന്ത്യാ കിസാൻസഭ ട്രഷറർ പി. കൃഷ്ണപ്രസാദ്, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, എ. പ്രദീപ് കുമാർ, എം.എൽ.എമാരായ ടി. സിദ്ദീഖ്, എ.എൻ. ഷംസീർ, ഒ.ആർ. കേളു, സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര, കെ.സി. റോസക്കുട്ടി എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. വൈകീട്ട് ആറിന് വിലാപയാത്രയായി മൃതദേഹം മേപ്പാടി പാലവയലിലെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് രാത്രി ഒമ്പതോടെ കാപ്പംകൊല്ലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വേദനാജനകം ഈ വേർപാട്
കൽപറ്റ: പി.എ. മുഹമ്മദിെൻറ വേർപാട് അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ പി.എയുമായി അടുത്ത് ഇടപഴകി പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജില്ല സെക്രട്ടറിയെന്ന നിലയിൽ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും പ്രക്ഷോഭത്തിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ഐതിഹാസികമായ ആദിവാസി പ്രക്ഷോഭവും കർഷക പ്രക്ഷോഭവും നടക്കുന്നത് പി.എ ജില്ല സെക്രട്ടറിയായിരുന്ന കാലത്താണ്. വളരെ ലളിത ജീവിതം നയിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്നും സി.കെ. ശശീന്ദ്രൻ അനുസ്മരിച്ചു. വയനാടിെൻറ സാമൂഹിക, രാഷ്ട്രീയ, വികസന ചരിത്രത്തിലെ വളരെ സർഗാത്മകവും രചനാത്മകവുമായ അധ്യായം അവസാനിച്ചുവെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. സി.പി.എമ്മിെൻറ സംഘടന പ്രവർത്തനത്തിൽ ജില്ലതലത്തിൽ ഊർജ്ജസ്വലമായി നേതൃത്വം കൊടുത്തതിനോടൊപ്പം മറ്റു രാഷ്ട്രീയ സംഘടന നേതൃത്വങ്ങളുമായും ഏറ്റവും മികച്ച നേതൃഗുണം പ്രകടിപ്പിച്ചിരുന്നു. മികച്ച പൊതുപ്രവർത്തകരുടെ നഷ്ടം സമൂഹത്തിലുണ്ടാക്കുന്ന വിടവ് കനത്തതാണെന്നും സിദ്ദീഖ് പറഞ്ഞു.
ആത്മസമർപ്പണം ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു പി.എ. മുഹമ്മദെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി അനുസ്മരിച്ചു. ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ചിട്ടപ്പെടുത്തുന്നതിൽ മാത്രമല്ല വയനാടിന്റെ സാമൂഹികവ്യവസ്ഥയും പിന്നാക്കാവസ്ഥയും സമ്പദ്വ്യവസ്ഥയുമെല്ലാം മുന്നോട്ടുവരാൻ വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. പിതാവ് എം.പി. വീരേന്ദ്രകുമാറുമായും മുത്തച്ഛൻ പത്മപ്രഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
പി.എ. മുഹമ്മദിെൻറ നിര്യാണത്തിൽ മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി അനുശോചിച്ചു. ത്യാഗോജ്ജ്വലമായിരുന്നു അദ്ദേഹത്തിെൻറ പ്രവർത്തന രീതി. വയനാടിെൻറ വികസനത്തിലും രാഷ്ട്രീയ വളർച്ചയിലും മികച്ച സംഭാവനയായിരുന്നു നാട്ടുകാരുടെ സ്വന്തം പി.എ എന്നും ജയലക്ഷ്മി പറഞ്ഞു. പി.എയുടെ വേർപാട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു.
തനിക്ക് ഏറെ അടുപ്പവും വ്യക്തി ബന്ധവുമുള്ള നേതാവായിരുന്നു പി.എ. മുഹമ്മദ് എന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വയനാടിെൻറ രാഷ്ട്രീയ ചരിത്രത്തിൽ തീരാനഷ്ടമാണ് അദ്ദേഹത്തിെൻറ വിയോഗം. പി.എ. മുഹമ്മദിെൻറ നിര്യാണം കമ്യൂണിസ്റ്റുകാർക്ക് മാത്രമല്ല, വയനാട്ടുകാർക്കാകെ നഷ്ടമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പറഞ്ഞു. നഷ്ടപ്പെട്ടത് നിസ്വാര്‍ഥ പൊതു പ്രവര്‍ത്തകനെയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അനുശോചിച്ചു. വയനാടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും നിലപാടും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നുവെന്നും സംഷാദ് പറഞ്ഞു.
പി.എ മുഹമ്മദിന്റെ വിയോഗത്തിലൂടെ വയനാടിന് നഷ്ടമായത് രാഷ്ട്രീയത്തിലെ സൗമ്യമുഖത്തെയാണെന്ന് വയനാട് പ്രസ്ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗമായി മാധ്യമ മേഖലയിലും തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം വയനാട് പ്രസ്ക്ലബുമായി അഭേദ്യമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നുവെന്ന് പ്രസ്ക്ലബ് പ്രസിഡന്റ് കെ. സജീവന്, സെക്രട്ടറി നിസാം കെ. അബ്ദുല്ല, ട്രഷറര്‍ എ.പി. അനീഷ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജില്ലയിൽ പ്രമുഖസ്ഥാനത്തെത്തിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു പി.എ. മുഹമ്മദെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പഞ്ചാര, എം.ടി. ഇബ്രാഹിം, സി.പി. കുഞ്ഞാലൻ, നജീബ് ചന്തക്കുന്ന്, എം.പി. മൊയ്ദുട്ടി, കെ.എം. ബഷീർ, ഉസ്മാൻ മനന്തന എന്നിവർ സംസാരിച്ചു.
സംശുദ്ധമായ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു പി.എ. മുഹമ്മദ് എന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് പി.പി.എ. കരീം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം വ്യക്തിബന്ധങ്ങളും ഏറെ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പി.എ. വയനാടിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലക്ക് പി.എയുടെ നിര്യാണം തീരാനഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.