അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
text_fieldsകല്പറ്റ: സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിർണയത്തെ ചൊല്ലിയും സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലിയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പോര് മറനീങ്ങി പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വളരെ മോശമായ രീതിയിലാണ് എം.എൽ.എ ഡി.സി.സി പ്രസിഡന്റിനോട് കയർക്കുന്നത്. തെറിവിളിയും സംഭാഷണത്തിലുണ്ട്. താൻ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്നു എം.എൽ.എ ഡി.സി.സി പ്രസിഡന്റിനോട് ക്ഷോഭത്തോടെ പറയുന്നതും സംഭാഷണത്തിലുണ്ട്.
അതേസമയം, സംഭവത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ പക്ഷപാതപരമായ നിലപാടിൽ, പെട്ടന്നുണ്ടായ വികാരത്തിലാണ് മോശമായ ഭാഷ ഉപയോഗിച്ചുപോയതെന്നും ഫോൺ സംഭാഷണം പുറത്തുവിട്ടത് ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് എം.എൽ.എ പക്ഷത്തുള്ളവർ പറയുന്നത്.
ഡി.സി.സി പ്രസിഡന്റിനോടുള്ള സംഭാഷണം ചോർന്നത് അത്യന്തം ഗൗരവത്തോടെ കാണണമെന്നാണ് ഇവർ പറയുന്നത്. പ്രസിഡന്റ് തന്നെയാണ് ഫോൺ സംഭാഷണം പുറത്തുവിട്ടതെന്നാണ് ഒരുവിഭാഗം പറയുന്നത്. വിഷയം ജില്ലയിൽ വൻ വിവാദമായതോടെ പ്രശ്നം പറഞ്ഞുതീർക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് കല്പറ്റയില് ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സുല്‍ത്താൻ ബത്തേരി നിയോജക മണ്ഡലത്തില്‍നിന്നുള്ളവര്‍ നിര്‍ദേശിച്ചതിനു വിരുദ്ധമായി കെ.പി.സി.സി നേതൃത്വം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ് ഒരുവിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചത്.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കെ.പി.സി.സി അംഗം കെ.ഇ. വിനയന്റെ നേതൃത്വത്തിലുള്ള പാനല്‍ ബാങ്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉൾപ്പെടെ യോഗത്തില്‍ പങ്കെടുത്ത സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തില്നിന്നുള്ളവരില് ഭൂരിഭാഗവും നിര്‍ദേശിച്ചത്.
കെ.പി.സി.സി അംഗങ്ങളായ കെ.എല്‍. പൗലോസ്, കെ.കെ. വിശ്വനാഥന്, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, സുല്‍ത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ് കെ.ആര്. സാജന്, പുല്പള്ളി മണ്ഡലം പ്രസിഡന്റിന്റെ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന് എന്നിവരടക്കം ഈ ആവശ്യം ഉന്നയിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഡി.പി. രാജശേഖരന്, പി.എം. സുധാകരന്, എന്‍.സി. കൃഷ്ണകുമാര്‍ എന്നിവരും ഇതിനെ പിന്താങ്ങി.
തുടര്‍ന്ന് പട്ടികയില്‍ വിനയന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. കെ.പി.സി.സി നിയമിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പുറത്തിറക്കിയ ലിസ്റ്റിൽനിന്ന് കെ.വി. വിനയന്റെ പേര് ഒഴിവായി. ഇതാണ് കോൺഗ്രസ് നേതൃത്വത്തിൽ പോര് രൂക്ഷമാകാൻ കാരണം.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും ഒത്തുകളിച്ചാണ് വിനയനെ ഒഴിവാക്കിയുള്ള പട്ടിക പ്രഖ്യാപിപ്പിച്ചതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.