വാളത്തൂര്‍ ചീര മട്ടം ക്വാറി; പൗര സമിതി ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsകല്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂര്‍ ചീര മട്ടത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരായ പൗരസമിതി നൽകിയ ഹരജി ഹൈകോടതി ഡിവിഷന് ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പൗര സമിതിക്കു വേണ്ടി പ്രസിഡന്റ് വി.കെ. ഉമ്മര്‍ നല്കിയ ഹരജിയാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനക്കുവരുന്നത്.
ക്വാറിക്കു അനുവദിച്ച ലൈസന്‍സ് റദ്ദാക്കാന്‍ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ല ദുരന്ത നിവാരണ അഥോറിറ്റി(ഡി.ഡി.എം.എ) ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് 2023 മാര്‍ച്ച് അവസാന വരം പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ലൈസന്‍സി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡി.ഡി.എം.എ ഉത്തരവ് തടഞ്ഞത്.
ഇതിനെതിരെ പൗരസമിതി നല്കിയ ഹരജി കഴിഞ്ഞ മേയ് 20ന് ഡിവിഷന് ബെഞ്ച് പരിഗണിച്ചിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീരമട്ടം. ഇവിടെ മൂന്നര ഏക്കറില്‍ ഖനനത്തിനു 2021ലാണ് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചത്.
ആക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും
കൽപറ്റ: ക്വാറിക്കെതിരെ പ്രദേശവാസികള്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റി ക്വാറി ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദീര്‍ഘകാലമായി സമരമുഖത്താണ് ആക്ഷൻ കമ്മിറ്റി. ക്വാറി വിഷയത്തില്‍ ഡി.ഡി.എം.എ നിര്‍ദേശം ശരി വെച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവാകുക, ജിയോളജി, പൊല്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച്. ഇവിടെ ഖനനം അനുവദിച്ച പ്രദേശത്തിനു 43 മീറ്റര്‍ ചുറ്റളവില്‍ വീടുണ്ട്. 60 മുതല്‍ 70 വരെ ഡിഗ്രി ചരിവുള്ള പ്രദേശം ജല സ്രോതസുകളുടെ ഉദ്ഭവസ്ഥാനവുമാണ്.
പ്രകൃതിദുരന്തം ഉണ്ടായ പുത്തുമലക്കും കാന്തന്പാറക്കും നീലിമലക്കും ഇടയിലുള്ള ചാലിയാര്‍ പുഴയുടെ മുകൾ ഭാഗവുമാണ് ചീരമട്ടം. പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയാണ് നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ക്വാറി ലൈസന്‍സ് അനുവദിച്ചത്. അപേക്ഷ ആഴ്ചകളോളം പൂഴ്ത്തിവെച്ചാണ് സെക്രട്ടറി ഇന്‍ ചാര്‍ജ് ക്വാറി ലൈസന്‍സ് അനുവദിക്കുന്നതിനു സാഹചര്യം ഒരുക്കിയത്.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ 2022 സെപ്റ്റംബര്‍ 22ലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ ഒക്ടോബര്‍ 29ലെ റിപ്പോര്‍ട്ട്, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിയുടെ 2023 ജനുവരി ഒന്നിലെ കത്ത്, ജില്ല ജിയോളജിസ്റ്റിന്റെ മാര്‍ച്ച് 21ലെ കത്ത്, ഡി.ഡി.എം.എയുടെ 2019 ആഗസ്റ്റ് 21ലെയും നവംബര്‍ ഏഴിലെയും ഉത്തരവുകള്‍, മാര്‍ച്ച് 23 ലെ യോഗ തീരുമാനം എന്നിവ പരിശോധിച്ചാണ് ക്വാറി ലൈസന്‍സ് റദ്ദാക്കുന്നതിന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
ഭവന നിര്‍മാണത്തിനു പോലും വിലക്കുള്ള പ്രദേശത്ത് ക്വാറി തുടങ്ങുന്നതിന് ആവശ്യമായ രേഖകള്‍ സ്വകാര്യ വ്യക്തി സംഘടിപ്പിച്ചതിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് സി. റഹിം, കണ്‍വീനര്‍ വി. ജാഫര്‍, വി.കെ. ഉമ്മര്‍, അലി കുന്നക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.