ലഹരി മാഫിയ സംഘങ്ങളുടെ താവളമായി വട്ടക്കുണ്ട്
text_fieldsകൽപറ്റ: വൈത്തിരി, മേപ്പാടി പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന വട്ടക്കുണ്ട് പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി.
കാട്ടുനായ്ക്ക പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന ആനപ്പാറ റൂട്ടിൽ വട്ടക്കുണ്ട് ഇന്റർലോക്ക് റോഡ് ജങ്ഷന് സമീപമാണ് മദ്യപാനികളും ലഹരി മാഫിയ സംഘങ്ങളും പിടിമുറുക്കുന്നത്. വനമേഖലയായ ഇവിടെ മറ്റുള്ളവരുടെ ശ്രദ്ധ പതിയാത്തത് സാമൂഹിക വിരുദ്ധരെ ഇങ്ങോട്ട് ആകർഷിക്കുന്നു. പലപ്പോഴും ആളൊഴിഞ്ഞ സമയങ്ങളിൽ ഇവിടെ പകൽ പോലും മദ്യപർ താവളമാക്കുകയും ലഹരി വിൽപന നടത്തുന്നതും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു.
മദ്യക്കുപ്പികൾ പൊട്ടിക്കുകയും മാലിന്യങ്ങൾ വനത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് വനത്തിൽ ജോലിക്കെത്തുന്നവർക്കും വലിയ തലവേദന സൃഷ്ടിക്കുന്നു. അവധി ദിവസങ്ങളിൽ ലഹരിയുമായി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും യുവാക്കളുടെ വലിയ സംഘങ്ങൾ ഇവിടെ തമ്പടിക്കാറുണ്ട്. ഈ പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.