മലയാളിയുടെ അടുക്കള നിറച്ച് ഗുണ്ടൽപേട്ടിലെ പച്ചക്കറികൾ
text_fieldsകൽപറ്റ: വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി കേരളം മുന്നോട്ടുപോകുമ്പോഴും മലയാളിയുടെ അടുക്കള സമ്പന്നമാക്കി ഗുണ്ടൽപേട്ടിലെ പച്ചക്കറികൾ. കേരളത്തിലേക്ക് ഓരോ ദിവസവും ലോഡുകണക്കിന് പച്ചക്കറികളാണ് ഇവിടെനിന്ന് കയറ്റി അയക്കുന്നത്.
കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ പ്രധാന ടൗണായ ഗുണ്ടൽപേട്ടിലും പരിസരപ്രദേശങ്ങളിലും വിവിധതരം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകർ ഗുണ്ടൽപേട്ടിലെ മൊത്തവ്യാപാര പച്ചക്കറി മാർക്കറ്റിലാണ് എത്തിക്കുന്നത്.
ഏക്കർകണക്കിന് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മാർക്കറ്റിൽ സംഭരണമില്ല. കയറ്റുമതി മാത്രമാണുള്ളത്. ചെറുകിവ വ്യാപാരവുമില്ല. കർഷകർ എത്തിക്കുന്ന വിളകൾ ഇവിടെയുള്ള ഏജന്റുമാരാണ് വിലയുറപ്പിച്ച് വാങ്ങുക. കേരളത്തിൽ നിന്നടക്കം എത്തുന്ന കച്ചവടക്കാർ ഇവരിൽ നിന്നാണ് പച്ചക്കറി വാങ്ങുന്നത്.
ഉച്ച മുതൽ വൈകീട്ട് ആറുവരെയാണ് മാർക്കറ്റിലെ തിരക്കുള്ള സമയം. കേരളത്തിലെ മാർക്കറ്റിൽ പുലർച്ചെ അഞ്ചിനകം എത്തിക്കുന്ന രീതിയിലാണ് വാഹനങ്ങളിൽ ലോഡ് തയാറാക്കുക. മാർക്കറ്റിലെത്തുന്ന പച്ചക്കറികൾ ഗ്രേഡ് തിരിച്ചാണ് കൊണ്ടുവരുക. ഫസ്റ്റ്, സെക്കൻഡ് എന്നിങ്ങനെ ഗുണനിലവാരം നോക്കിയാണ് തരംതിരിക്കൽ. ഗുണനിലവാരമനുസരിച്ച് വിലയിലും മാറ്റമുണ്ട്.
കേരളത്തിലെ വിപണിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി, പഴങ്ങൾ എന്നിവയിൽ അനിയന്ത്രിത വളപ്രയോഗവും നിരോധിത കീടനാശിനികളുമാണ് തളിക്കുന്നത്. വലുപ്പം കൂടാനും നിറം ലഭിക്കാനും അശാസ്ത്രീയമായി അമിത അളവിലാണ് കീടനാശിനികളുടെ ഉപയോഗം.
കീടനാശിനികൾ കൃഷി ഓഫിസറുടെ ശിപാര്‍ശയില്‍ അംഗീകൃത ഗോഡൗണുകളില്‍ നിന്ന് വാങ്ങണമെന്നാണ് നിയമം. കൃത്യമായ ബോധവത്കരണം ഇല്ലാത്തതിനാല്‍ പതിവ് മരുന്ന് പ്രയോഗം കര്‍ഷകര്‍ തുടരുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പും കണ്ണടക്കുന്നത് പച്ചക്കറികൾ സുഗമമായി അതിര്‍ത്തി കടക്കാൻ സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.