മത്സ്യത്തീറ്റ സബ്സിഡി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം
text_fieldsകൽപറ്റ: വയനാട് ജില്ല ഫിഷറീസ് ഡിപ്പാർട്മെന്റിലെ സബ്സിഡി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം. വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസിന്റെ നേതൃത്വത്തിൽ വിജിലിൻസിന്റെ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചത്. മത്സ്യത്തീറ്റയുടെ വ്യാജ ബില്ലുകളുണ്ടാക്കി അധികൃതരുടെ ഒത്താശയോടെ പലരും ലക്ഷങ്ങൾ തട്ടിയതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മത്സ്യതീറ്റകൾ ഒന്നും വാങ്ങിക്കാതെ വ്യാജ ബില്ലുകൾ സംഘടിപ്പിക്കുകയും അവ ഉപയോഗിച്ച് മത്സ്യതീറ്റ സബ്സിഡി തട്ടിയെടുക്കുന്നുവെന്നുമാണ് ആരോപണം. വ്യാജ ബില്ലുകളിൽ മത്സ്യത്തീറ്റയുടെ വില നിശ്ചിത തുകയെക്കാൾ പെരുപ്പിച്ച് കാണിക്കുന്നുമുണ്ട്.
വയനാട് ജില്ല ഫിഷറീസ് ഡിപ്പാർട്ടുമെന്റിൽ വൻ തുകയുടെ അഴിമതി നടന്നതായും മത്സ്യത്തീറ്റ സബ്സിഡിയിൽ വെട്ടിപ്പു നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായുമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് വിജിലൻസ് അന്വേഷണമാരംഭിച്ചത്. വിവിധ ഫാമുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയ യൂനിറ്റ് ഇൻസ്പെക്ടർ, അഴിമതി സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യവിത്തുകൾ വാങ്ങിയ കർഷകർക്ക് സബ്സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നാണ് യൂനിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.
സബ്സിഡിക്ക് ആനുപാതികമായി തീറ്റ വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോഓഡിനേറ്റർമാരും ഫിഷറീസ് ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നതായും ആരോപണമുണ്ട്. സബ്സിഡിയനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപയും കേവലം 15 ദിവസത്തിനുള്ളിൽ തീർന്നു. ഇത്രയും തുകയുടെ മത്സ്യത്തീറ്റ ജില്ലയിൽ വിറ്റിട്ടില്ല എന്നും വൻ അഴിമതി നടന്നുവെന്നും ബോധ്യപ്പെട്ടതോടെയാണ് യൂനിറ്റ് ഇൻസ്പെക്ടർ സംഭവം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തത്. വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം. അനർഹരായവർ സബ്സിഡി തുക വെട്ടിക്കുമ്പോൾ അർഹരായ കർഷകർക്ക് ധനസഹായം ലഭിക്കുന്നത് കുറയുന്നുവെന്നതാണ് വിരോധാഭാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.