‘വീട്ടില്‍നിന്ന് വോട്ട്’ ഇന്ന് മുതല്‍; 5821 വോട്ടർമാർ
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്‍കൂട്ടി അപേക്ഷ നല്കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ വീട്ടില്‍നിന്ന് വോട്ട് (ഹോം വോട്ടിങ്) ചെയ്യാം. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കും.
വീട്ടില്‍നിന്ന് വോട്ട് ചെയ്യുന്നതിന് ജില്ലയില്‍ 5821 പേരാണ് അപേക്ഷ നല്‍കിയത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ 'വീട്ടില്‍ നിന്ന് വോട്ട് ' സേവനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 26, കൽപറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളില്‍ 30 വീതവും പോളിങ് ടീമുകള്‍ ഹോം വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
എ.ആര്.ഒമാരുടെ നേതൃത്വത്തില്‍ മൈക്രോ നിരീക്ഷകൻ, പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, പൊലീസ്, വിഡിയോ ഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്ന ടീം രാവിലെ മുതല്‍ വീടുകളിലെത്തും. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സംഘത്തെ അനുഗമിക്കും.
വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ സ്ഥാനാർഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങള്‍ വീക്ഷിക്കാം. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം പൂർണമായും കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ ഏപ്രില്‍ 18വരെയാണ് ഹോം വോട്ടിങ് സൗകര്യം ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.