വൈത്തിരി താലൂക്ക് ആശുപത്രി സേവനങ്ങൾ വിപുലീകരിക്കുന്നു
text_fieldsകൽപറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ നടപടി ആരംഭിച്ചതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 24 മണിക്കൂർ സേവനം നൽകുന്ന ലാബ്, ഫാർമസി, അത്യാഹിത വിഭാഗം എന്നീ സേവനങ്ങൾ നിലവിൽ ലഭ്യമാണ്. 129 കിടക്കകളോടുകൂടിയ താലൂക്ക് ആസ്ഥാന ആശുപത്രി നിലവിൽ നവീകരണത്തിന്റെ പാതയിലാണ്. ആശുപത്രിയിൽ എക്കോ സംവിധാനം ഒരു കാർഡിയോളജിസ്റ്റ് സഹായത്തോടുകൂടി 15 മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഈ സംവിധനം വരുന്നത്. എല്ലാ തിങ്കളാഴ്ചകളിലും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ 650 രൂപ നിരക്കിൽ രോഗികൾക്ക് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ സേവനം നൽകും. നവീകരിച്ച ലാബിൽ 155 ടെസ്റ്റുകൾ സർക്കാർ നിശ്ചയിച്ചു നിരക്കിൽ ലഭ്യമാവും.
ഇതിനായി ഒരു പാത്തോളജിസ്റ്റിനെ കൂടി എംപാനൽ ചെയ്ത് സേവനം ലഭ്യമാക്കിയിട്ടുണ്ട്. മൂന്നുമാസമായി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിങ് സേവനം നൽകി വരുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ഓപറേഷൻ തിയേറ്ററും ഐ.പി കെട്ടിടവും പണികഴിഞ്ഞ് ഉദ്ഘാടന സജ്ജമായിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ വിപുലാക്കുമെന്നും ദേശീയ നിലവാരത്തിലുള്ള അക്രഡിറ്റേഷന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, മെഡിക്കൽ സുപ്രണ്ട് ഷിജിൻ ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.