കല്പറ്റയില് മാലിന്യം കുന്നുകൂടുന്നു
text_fieldsകല്പറ്റ: നഗരസഭയില്‍ മാലിന്യനീക്കം താളംതെറ്റിയതായി പരാതി. പല പ്രദേശങ്ങളിലും മാലിന്യം കുന്നുകൂടി. നഗരസഭയിൽ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് 28 സ്ഥിരം തൊഴിലാളികളും 32 ഹരിത കർമസേനാംഗങ്ങളുമുണ്ട്. സ്ഥിരം തൊഴിലാളികള്‍ക്ക് നഗരസഭയുടെ ടിപ്പറും ട്രാക്ടറും രണ്ട് ഗുഡ്സ് വാഹനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ടിപ്പര്‍ ഹരിത കമസേനക്ക് കൈമാറി. മറ്റു വാഹനങ്ങള്‍ മാസങ്ങളായി വര്‍ക്ഷോപ്പിലാണ്. ഇതും മാലിന്യനീക്കത്തിന് തടസ്സമായി. 28 തൊഴിലാളികള്‍ രംഗത്തുണ്ടെങ്കിലും ഒരു ഗുഡ്സ് വാഹനം മാത്രമാണ് നിലവിലുള്ളത്.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീടുകളിലെത്തി മാലിന്യം ശേഖരിക്കാനാണ് ഹരിത കര്‍മസേനയെ നിയോഗിച്ചത്. എന്നാല്‍, മാസം ഒരുതവണ എന്ന നിലയിൽ പോലും വീടുകളില്‍ എത്തുന്നില്ലെന്ന് പരാതിയുണ്ട്. പലരും മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുകയാണ്. ജെ.സി.ബി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വെള്ളാരംകുന്നിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലും മാലിന്യം കുന്നുപോലെ കാണാം. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മാലിന്യസംസ്കരണ പ്ലാൻറ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ശുചിത്വ മിഷന് അനുവദിച്ച 65 ലക്ഷവും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.
നഗരസഭയിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കാത്തതിലും നഗരസഭയില്‍ നടക്കുന്ന അഴിമതിയിലും പ്രതിഷേധിച്ച് ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി മുന്നറിയിപ്പ് നല്കി. പ്രസിഡൻറ് എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി കേയംതൊടി മുജീബ്, ട്രഷറര്‍ അലവി വടക്കേതില്‍, സി.കെ. നാസര്‍, കരിമ്പനക്കല്‍ മജീദ്, റൗഫ് വട്ടത്തൊടുക, അഡ്വ. എ.പി. മുസ്തഫ, പി.പി ഷൈജല്‍, എം.പി നവാസ്, അസീസ് അമ്പിലേരി, എം.കെ നാസര്‍, അബു ഗൂഡലായ്, പോക്കു മുണ്ടോളി, നൗഫല്‍ എമിലി, ബാവ കൊടശ്ശേരി, പി കുഞ്ഞുട്ടി, ഹംസ വട്ടക്കാരി, മാട്ടുമ്മല്‍ മുഹമ്മദ്, കമ്മു ചുഴലി, മുബഷിര്‍ എമിലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.